Friday, July 18, 2014

അസ്ഥിയുഗത്തിലേയ്ക്ക് ഒരു യാത്ര


കാലാന്തരത്തിലെ ,നൂറ്റാണ്ടുകള്‍ക്ക് ശേഷമുള്ള ഈ ഭൂഗോളത്തെ ഈ ആയുസ്സിലൊന്നു കാണണം !ആ യുഗത്തിലെ മനുഷ്യരുമായി സംവദിക്കണം ,അവിടത്തെ കാഴ്ചകള്‍ കാണണം ഇങ്ങനെ ഒരാഗ്രഹം മനസ്സില്‍ തോന്നിയ അന്നാണ് പടിഞ്ഞാറോട്ട് കുതിച്ചു കൊണ്ടിരുന്ന ഒരു പ്രകാശ രശ്മിയില്‍ പറ്റിപിടിച്ച് കയറി പിപ്പാക്രി ഉപവിഷ്ടനായതും തന്‍റെ മോഹസാഫല്യത്തിനു വേണ്ടിയുള്ള മഹായാനം ആരംഭിച്ചതും

പക്ഷെ ..ഈ യാത്ര എവിടെ എങ്ങനെ  അവസാനിക്കും എന്നൊന്നും പിപ്പാക്രിക്ക് അറിഞ്ഞു കൂടാ ,പ്രകാശ രശ്മിക്ക്‌ അത് അറിയുമോ എന്തോ .പ്രകാശ രശ്മിയും അതിലിരുന്നു പിപ്പാക്രിയും യാത്ര തുടര്‍ന്നു . ഒടുവില്‍ കറുത്തിരുണ്ട പുകച്ചുരുളുകളെ കീറി മുറിക്കുന്ന വേളയില്‍, തീക്ഷണത നഷ്ടപെട്ട പ്രകാശ കണിക എവിടെയോ തട്ടി തടഞ്ഞ് വീണു ,പിപ്പാക്രിയും. അവിടെ പ്രകാശ രശ്മിയുടെ നിയോഗം തീരുകയായിരുന്നു

അന്ധകാരം .ശാന്തം .എവിടെയാണ് ?എന്താണ് ?
ഒന്നുമറിയില്ല ,ശരീരം ചുട്ടു പൊള്ളുന്നു വരണ്ടുണങ്ങിയ തൊണ്ടയില്‍ ദാഹം കയര്‍ക്കുന്നു തണുത്തൊരു കാറ്റ് ?ഒരു തുള്ളി ജലം ?

പിപ്പാക്രി പരവശനായി .എവിടെ നിന്നെല്ലാമോ പതുക്കെ പതുക്കെ പിന്നെ ഉച്ചത്തില്‍ ഉച്ചത്തില്‍ നിലവിളികള്‍ ഉയരരുന്നു ,
ആ നിലവിളികള്‍ ശാന്തതയെ കൊന്നു തിന്നു .ഓരോരോ ദിക്കില്‍ നിന്നും ഉയരുന്ന നിലവിളികള്‍ പുരുഷന്റെയും സ്ത്രീയുടെയും നിലവിളികള്‍ സമന്വയമായ നിലവിളികള്‍..എന്താണത്? എന്തിനാണത് ? പിപ്പാക്രിക്ക് മനസിലായില്ല.
അല്‍പനേരം കഴിഞ്ഞപ്പോള്‍ ആ ശബ്ദങ്ങള്‍ ലോപിച്ച് ഓരോന്നായി മെല്ലെ മെല്ലെ തീര്‍ന്നു വന്നു,
ഒടുവില്‍ രാഗ നിര്‍ഭരമായ ആശ്വാസത്തിന്‍റെ നിശ്വാസങ്ങളും നിര്‍വൃതിയുടെ നെടുവീര്‍പ്പുകളും പോലെ തോന്നിച്ച ശബ്ദങ്ങള്‍ കേട്ടു കഴിഞ്ഞപ്പോള്‍ നിശബ്ധത അധീശ്വത്വം പ്രാപിച്ചു. ഘോരമായ ഇരുട്ടിനെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞപ്പോള്‍, പിപ്പാക്രിക്ക് തന്നെ തന്നെ കാണാനാവുന്ന തരത്തില്‍ ഇരുട്ട് നേര്‍ത്തു വന്നു .പിപ്പാക്രി എണീറ്റ് ആ നേര്‍ത്ത ഇരുട്ടിലൂടെ മിഴികള്‍ തുറന്ന് പിടിച്ചു നടന്നു.പാദങ്ങള്‍ക്ക് മുന്‍പില്‍ ദിക്കില്ലായിരുന്നു, ഉണ്ടെങ്കില്‍ തന്നെ പിപ്പാക്രിയുടെ പാദങ്ങള്‍ക്ക് അത് അജ്ഞാതം ആയിരുന്നല്ലോ .പാദസ്പര്‍ശം ഏറ്റിടത്ത് എല്ലാം വരണ്ടുണങ്ങിയ നാവ് ജലം അന്ന്വെഷിച്ചു ,ചുട്ടു പൊള്ളുന്ന ശരീരം അന്തരീക്ഷത്തില്‍ തണുത്ത കാറ്റിനെയും .പുഴകാളോ വറ്റിയതും മരങ്ങളോ ഉണങ്ങിയതും ആണെന്ന് പിപ്പാക്രി എങ്ങനെ അറിയാന്‍ ?വെളിച്ചത്തെ ആക്രമിക്കാന്‍ അനുവദിക്കാതെ തന്നെ ഇരുട്ട് നേര്‍ത്ത് നേര്‍ത്ത് വന്നു .ഒടുവില്‍ കാലില്‍ എന്തോ തടഞ്ഞു ,അത് ഒരു മനുഷ്യന്‍റെ അസ്ഥിപഞ്ചരമായിരുന്നു .അസ്ഥിപഞ്ചരം മെല്ലെ  എണീറ്റിരുന്ന്‍ പിപ്പാക്രിയെ നോക്കി .അല്പം വൈകി ആണെങ്കിലും പിപ്പാക്രി അത് സ്ഥിരീകരിച്ചു. പിന്നെ പിപ്പാക്രി നട തുടരാന്‍ ശ്രമിക്കവേ അസ്ഥിപഞ്ചരം വാ തുറന്നു..

“ഹലോ എങ്ങോട്ടീ യാത്ര ..?”

പിപ്പാക്രി നിന്നു,പറഞ്ഞു :“തൊണ്ട വരളുന്നൂ ശരീരം ചുട്ടു പൊള്ളുന്നൂ...”

“ഹാ ഹാ ...എനിക്ക് തൊണ്ടയില്ല...എന്തെ ?ശരീരവും ഇല്ല ..എന്തെന്ന് കരുതുന്നൂ ....?” അസ്ഥിപഞ്ചരം പരിഹസിച്ചു ...

“പോടാ പുല്ലേ ...നിനറെയൊരു മറ്റേടത്തെ ചോദ്യം ..ഇവിടെ ചുട്ടു നീറി ദാഹിച്ച് വലയുമ്പോള....” പിപ്പാക്രിക് അരിശം കേറി..

“എടോ കഴുതേ ..പറഞ്ഞു വന്നത് ഇവിടെ അതൊന്നും ഇല്ലെന്നായിരുന്നല്ലോ ...”

“ഉം ...ങേ ....?”

“എന്തോന്ന് ങേ ...?ആര് പറഞ്ഞു ഇങ്ങോട്ട് കെട്ടിയെടുക്കാന്‍ ?”

“ആര് പറയാന്‍ ...?ആരും പറഞ്ഞില്ല ..ഏതോ നശിച്ച നിമിഷത്തില്‍ തനിക്കു തോനിയ ഒരു ഭ്രാന്ത്..!”

“അവിടെ കിടന്ന് മലിന ജലമെങ്കിലും കുടിച്ചു കൂടായിരുന്നോ ?”

“ഇപ്പോള്‍ എന്ത് ചെയ്യും ?”

“മൂത്രം പോലും തരാനില്ലന്ന് പറയേണ്ടതില്ലല്ലോ ? എടൊ ഇതു ബോണ്‍ എജാണ് .!”

“ബോണ്‍ ഏജോ ?” പിപ്പാക്രി അതിശയത്തോടെ അസ്ഥിപഞ്ചരത്തെ നോക്കി.

“അതേടോ അസ്ഥിയുഗം !മാംസവും മജ്ജയും ഇല്ലാത്ത ഞങ്ങള്‍ക്ക് എന്തിനാടോ ജലം ?ചൂട് എന്തെന്ന് അറിയാത്ത അസ്ഥികള്‍ക്ക് എന്തിനാടോ തണുത്ത കാറ്റ് ?”

അസ്ഥിപഞ്ചരത്തിന്റെ വര്‍ത്തമാനം കേട്ട് അമ്പരന്നു പോയ പിപ്പാക്രി തത്കാലത്തേയ്ക്ക് ദാഹം മറന്നു, ചുട്ടു പൊള്ളുന്ന സ്വന്തം ശരീരത്തെ മറന്നു..

“എന്താടോ അമ്പരന്ന് നില്‍ക്കുന്നത് ?ഒന്നും മനസിലായില്ല അല്ലെ ...ഹാ ഹാ ..
അതേടോ ....ഒന്നും മനസിലാവില്ല അത് തന്നെയായിരുന്നു നിങ്ങളുടെ പ്രശ്നവും .നിന്റെയൊക്കെ അഹങ്കാരത്തിന്‍റെ ക്രയവിക്രിയകള്‍ കൊണ്ട് സംഭവിച്ചതാ ഈ പരിണാമം !”

ജിജ്ഞാസുവായി  നില്‍ക്കുന്ന പൂര്‍വ്വ പിതാമഹനോട് സഹതാപവും പുച്ഛവും ഇടകലര്‍ത്തി അസ്ഥിപഞ്ചരം തുടര്‍ന്നു..

"ദൈവം സകലര്‍ക്കും ഒരുപോലെ അന്നം തന്നപ്പോള്‍ ഒരു വിഭാഗത്തെ നിങ്ങള്‍ പട്ടിണിക്കിട്ടു..ആര്‍ഭാടപൂര്‍വ്വം മൃഷ്ടാനം തിന്ന് തീര്‍ത്ത്‌ അതിന്റ് എച്ചില് പോലും ആ പട്ടിണി പാവങ്ങള്‍ക്ക് കൊടുത്തില്ല, അതൊക്കെയും ഗമയില്‍ അലങ്കരിച്ചു വച്ച കുപ്പ തൊട്ടികളില്‍ നിങ്ങള്‍ വലിച്ചെറിഞ്ഞു ..അസ്ഥിയില്‍ തൊലി ഒട്ടിപിടിച്ച ആ പട്ടിണി പാവങ്ങളുടെ ദീനരോദനം ദൈവം കേട്ടു.... ശുദ്ധമായി ഒഴുകി കൊണ്ടിരുന്ന നദീജലത്തിലും അനന്ത കോടി ജീവജാലങ്ങള്‍ വിഹരിച്ചിരുന്ന കടല്‍ വെള്ളത്തിലും ആധുനികത ചമഞ്ഞ് നിങ്ങളുടെ ശാസ്ത്രം അമ്ലവിഷങ്ങളും രാസ –ആണവ മാലിന്യങ്ങളും ഒഴുക്കി, നിന്റെയൊക്കെ ശാസ്ത്രം ബുദ്ധി വികസിപിച്ചു സൗകര്യങ്ങള്‍ വര്‍ദ്ധിപിച്ചു  ..ആ ജല ജന്തുക്കളുടെയും ജലത്തിന്റെയും ഹൃദയം തകര്‍ന്നുള്ള കരച്ചില്‍ ദൈവം കേട്ടൂ..ഒടുവില്‍ നിന്റെയൊക്കെ പരീക്ഷണ ശാലകളില്‍ നിന്നിറങ്ങിയ പടക്കങ്ങള്‍ ആ പരീക്ഷണ ശാലകളെ തന്നെ വിഴുങ്ങിയപ്പോള്‍,പച്ച മാംസങ്ങളെ ചുട്ടെരിച്ചു കൊണ്ട് ഉയര്‍ന്ന് പൊങ്ങിയ കറുത്ത പുകച്ചുരുളുകള്‍, അന്തരീക്ഷത്തില്‍ അവശേഷിച്ചിരുന്ന അവസാനത്തെ ശുദ്ധ വായുവിനെയും ഞെക്കി കൊന്നു കൊണ്ട് താണ്ടവമാടി ..ആ ശുദ്ധ വായുവിന്‍റെ തേങ്ങല്‍ ദൈവം കേട്ടു...ആ കേള്‍വികളുടെ ഉത്തരമാണെടോ മനുഷ്യന്‍റെ ഈ പുത്തന്‍ മുഖം, അസ്ഥിയുഗം !
'അന്നവും കുടിവെള്ളവും ശുദ്ധ വായുവും ഇല്ലാത്ത ഭൂമിയില്‍ ..ഹാ മനുഷ്യരെ നിങ്ങള്‍ക്കെന്തിനെ മാംസം ? അസ്ഥിയെ ധാരാളം' എന്ന ദൈവ അശരീരിയോടു കൂടി ഈ പുത്തന്‍ യുഗം പിറന്നു ..അസ്ഥിയുഗം ...”



വീണ്ടും നിലവിളികള്‍ ഉയരുന്നത് പിപ്പാക്രി കേട്ടു..ഓരോരോ ദിക്കില്‍ നിന്നും ഉയരുന്ന നിലവിളികള്‍ ..പുരുഷന്റെയും സ്ത്രീയുടെയും നിലവിളി ..സമന്വയ നിലവിളികള്‍ ...

“ആരുടേതാണീ നിലവിളികള്‍ ?” പിപ്പാക്രി ചോദിച്ചു

അസ്ഥിപഞ്ചരം ചിരിച്ചു ..അസ്ഥിപഞ്ചരത്തിനു മാത്രമേ ചിരിക്കാനാവുമായിരുന്നുള്ളൂ ..

“പ്രജനനം അസ്ഥിയുഗത്തിന്റെയും കര്‍ത്തവ്യമാണ്.അസ്ഥിയില്‍ അസ്ഥി ഞെരിഞ്ഞിറങ്ങുമ്പോള്‍ നിലവിളികള്‍ സ്വാഭാവികമാണ് ,അത് ദൈവ നിശ്ചയമാണ്”

പിപ്പാക്രി ആ നേര്‍ത്ത ഇരുട്ടിലും അസ്ഥി പഞ്ചരത്തിന്റെ ലിംഗത്തിലേയ്ക്ക് നോക്കി ..ഒരു പിടി ചോദ്യങ്ങള്‍ നുരഞ്ഞു പൊന്തുന്ന പിപ്പാക്രിയുടെ മുഖം കണ്ട് അസ്ഥിപഞ്ചരം തുടര്‍ന്നു..

“മതി ..മതി ..അസ്ഥിയുഗത്തെ പറ്റി ഇനിയും ഏറെ നീ അറിയേണ്ടതില്ല..”

പകല്‍ വെളിച്ചം . പിപ്പാക്രിയുടെ മാംസത്തില്‍ സൂര്യന്‍റെ സകല കിരണങ്ങളും തുളച്ചു കയറും  പോലെ തോന്നി കൊണ്ടിരുന്നു .പിപ്പാക്രിക്ക് ദാഹം വര്‍ദ്ധിച്ചു കൊണ്ടേയിരുന്നു ,ശരീരം വെന്തുരുകും പോലെ പിപ്പാക്രിക്ക് തോന്നി .അസ്ഥി പഞ്ചരത്തെ നോക്കി പിപ്പാക്രി കരഞ്ഞു ,അത് അവസാനത്തെ കണ്ണീരായിരുന്നു ,മാംസം കത്തിക്കരിഞ്ഞ മണം ഉയരുമ്പോള്‍ പിപ്പാക്രിയുടെ മൂക്കിനിരുവശവും രണ്ടു കറുത്ത വരകള്‍ വീണു കഴിഞ്ഞു

“ഇന്ഫ്രാറെഡും ആള്ട്രാവയലറ്റും ഒന്നും അസ്ഥിയുഗത്തിന് ഭൂഷണമല്ലടോ ...”

വിണ്ട് കീറി കിടക്കുന്ന ഊഷര ഭൂവിലൂടെ അസ്ഥിപഞ്ചരവും പിപ്പാക്രിയും നടക്കുകയായിരുന്നു . യുഗങ്ങളായി ഉഷ്ണത്തിലും ശൈത്യത്തിലും സമൃദ്ധമായി ഒഴുകിയിരുന്ന ഒരു മഹാനദിയുടെ വിണ്ടു കീറി കിടക്കുന്ന ഹൃദയത്തിലൂടെയാണ് അസ്ഥിപഞ്ചരവും പിപ്പാക്രിയും നടന്നു കൊണ്ടിരുന്നത്. പെട്ടന്ന് ,മുന്നിലായി ഒരു ശീതള പാനീയത്തിന്റെ ടിന്‍ പിപ്പാക്രി കണ്ടു ,അതെടുക്കാനായി പിപ്പാക്രി ഓടിയപ്പോള്‍ അസ്തിപഞ്ചരം ചിരിച്ചു ,അസ്ഥിക്ക് മാത്രമേ ചിരിക്കാന്‍ ആവുമായിരുന്നുള്ളൂ.
പിപ്പാക്രി നോക്കുമ്പോള്‍ ആ പുരാവസ്തു നിറയെ മണ്ണായിരുന്നു ആദിമ സംസ്കാരത്തെ സമൃദ്ധമാക്കിയിരുന്ന നദിയിലെ മണ്ണ് .ആ ടിന്ന് പിപ്പാക്രിയെ മാത്രം കാത്ത് കിടക്കുകയായിരുന്നു ഈ കാലമത്രയും .നിരാശനായ പിപ്പാക്രി ആ ടിന്ന് എടുത്തു ദൂരേയ്ക്ക് വലിച്ചെറിഞ്ഞു.അത് ചെന്ന് വീണത്‌ അകലെ തിളച്ചു മറിഞ്ഞു കൊണ്ടിരിക്കുന്ന കടല്‍ ലാവയിലായിരുന്നു. .നിമിഷങ്ങള്‍ക്കകം ആ ടിന്ന് കടല്‍ ലാവയോടു ലയിച്ചു ചേര്‍ന്നു .ആഞ്ഞടിക്കുന്ന ലാവത്തിരകള്‍ തീരമണലിനെ ചുമപ്പിച്ചു കൊണ്ടിരുന്നു ,ആ തിരകളില്‍ നിന്നും ചൂടുള്ള കാറ്റ് വീശി പറന്നുയരുന്നൂ..




അവര്‍ നടന്ന് നടന്ന് ഇരമ്പഴിവാതിലുള്ള ഒരു മുറിയുടെ മുന്നില്‍ വന്ന് നിന്നു .അസ്ഥിപഞ്ചരം നിന്നപ്പോള്‍ പിപ്പാക്രിയും നിന്ന് പോയതാണ് .ഇരുമ്പഴികളുടെ നിഴല്‍, ചുമരില്‍ പതിപ്പിച്ചു കൊണ്ട് പകല്‍ വെളിച്ചം ആ മുറിക്കുള്ളില്‍ നിറഞ്ഞു നിന്നു.ആ ഇരുമ്പഴി വാതിലിന് അഭിമുഖമായി നമ്രതലയോട്ടിയായി അസ്ഥിപഞ്ചരം അല്‍പനേരം ആ മുറിയെ വണങ്ങും പോലെ നിന്നു,പിന്നെ തിരിഞ്ഞു നിന്ന് പിപ്പാക്രി അറിയാന്‍ ആശിച്ചത് പറഞ്ഞു ..

"നിന്‍റെ കാലത്തിലെ ഒരു മനുഷ്യന്‍ ഇതിനുള്ളില്‍ കിടന്ന് അന്ത്യശ്വാസം കൊണ്ടു .ഭാവിയില്‍ ഒരു അസ്ഥിയുഗം നമ്മളെ കാത്തിരിക്കുന്നുണ്ടെന്നും അതിനിടയാക്കരുതെ എന്നും പറഞ്ഞതാണ് ഇതിനുള്ളില്‍ കിടന്നു മരിക്കാന്‍ ആ മഹാന്‍ ചെയ്ത തെറ്റ് .നിന്‍റെ കാലത്തിന്‍റെ എന്തിനെയങ്കിലും നമ്മള്‍  ആദരിക്കുന്നുണ്ടെങ്കില്‍, അത് ആ മനുഷ്യന്‍ അന്ത്യശ്വാസം വലിച്ച ഈ മുറിയെ ആണ്. ആരെയെങ്കിലും ആരാധിക്കുന്നുണ്ടെങ്കില്‍ അത് ഞങ്ങളെ കുറിച്ച് ഓര്‍ത്ത് കരഞ്ഞ ആ മനുഷ്യനെ മാത്രമാണ്..”

പിന്നെ പിപ്പാക്രിക്ക് നേരെ തിരിഞ്ഞ്  അസ്ഥിപഞ്ചരം കൈകൂപ്പി നിന്നു..

“അസ്ഥിയുഗത്തെ കുറിച്ച് ഇനിയും എന്തറിയാന്‍ ...?ദാഹിച്ചു വരണ്ട തൊണ്ടയുമായി ..പിപ്പാക്രീ.... ഇനീം ഇവിടെ നിങ്ങള്ക്ക് നില്‍ക്കാന്‍ തോന്നുന്നുണ്ടോ ..?.” ഇനി ഒന്നും സംസാരിക്കാനില്ലാത്ത മട്ടില്‍ അസ്ഥിപഞ്ചരം ചോദിച്ചു  നിര്‍ത്തി.

ആദ്യമായി അസ്ഥിപഞ്ചരം തന്‍റെ പേര് പറഞ്ഞപ്പോള്‍ പിപ്പാക്രി വീണ്ടും   ആ മുറിയിലേയ്ക്ക് നോക്കി ....തന്‍റെ സ്മൃതി സ്മാരകം !

കിഴക്കോട്ടു പുതിയൊരു സഞ്ചാര പദം തീര്‍ക്കാന്‍ ജന്മമെടുത്ത് , ആ നേരം അത് വഴി വന്ന ഒരു പ്രകാശ കണികയുടെ ചിറകിലെയ്ക്ക്   പറ്റിപിടിച്ചു കയറവേ ,ആദ്യമായി  അസ്ഥിപഞ്ചരത്തെ നോക്കി പിപ്പാക്രി ചിരിച്ചു, കൈകാണിച്ച്. തിരികെ യാത്രയായി .  നല്ല തിളക്കമാര്‍ന്ന ആ പ്രകാശ കണികയിലിരിക്കവേ, പിപ്പക്രിയുടെ മനസ്സ് വല്ലാതെ പ്രക്ഷുബ്ധമായികൊണ്ടിരുന്നു ..എന്തെക്കയോ ഉറച്ച തീരുമാനങ്ങള്‍ പിപ്പ്ക്രിയുടെ മനസ്സില്‍ രൂപപെട്ടു കൊണ്ടിരുന്നു ...

5 comments:

  1. ടൈം മെഷീനിൽ കയറി യുഗങ്ങൾ മുന്നിലേക്ക് നടന്നു അല്ലേ...? നമ്മുടെ വരുംതലമുറകളെ കാത്തിരിക്കുന്നത് ഇതൊക്കെയല്ല എന്ന് എങ്ങനെയറിയാം...?

    ഒരു കൌതുകത്തിൽ നിന്നും... അല്ലെങ്കിൽ നിർദ്ദാക്ഷിണ്യം പ്രകൃതിനശീകരണം നടത്തിക്കൊണ്ടിരിക്കുന്ന മാനവരാശിയുടെ ഇന്നത്തെ പ്രവൃത്തിയിൽ വേദനിക്കുന്ന ഒരു മനസ്സിന്റെ തേങ്ങലിൽ നിന്നും ഉയിരികൊണ്ട ഈ കഥ ഒരു മുന്നറിയിപ്പാണ്...

    ആശംസകൾ അബ്ബാസ്...

    ReplyDelete
  2. ജലമില്ലായ്മയില്‍ നിന്ന് നിര്‍ജ്ജലീകരണത്തിന്റെ അവസ്ഥയിലേയ്ക്ക് അത്ര പതിയെയല്ലാതെതന്നെ നടന്നുനീങ്ങിക്കൊണ്ടിരിക്കുന്ന മനുഷ്യന്‍. മാംസത്തില്‍ നിന്നും മാംസമില്ലായ്മയിലേയ്ക്കും. അസ്ഥികള്‍ക്ക് മരണമില്ല എന്നാണല്ലോ. വായിക്കുന്നവന്റെ തൊണ്ടയും അറിയാതെ ഒന്ന് വരളും. നന്നായി എഴുതിയിട്ടുണ്ട്. പിന്നെ, ആ പേര് കൊള്ളാം, ട്ടോ, പിപ്പാക്രി :)

    ReplyDelete
  3. ഇത്തിരി വെള്ളം!!

    ReplyDelete