Friday, December 16, 2011

ആണികള്‍..

തലയില്‍ കിട്ടുന്ന ഓരോ കൊട്ടും
പുതിയ ആഴങ്ങള്‍ തേടാനുള്ള
ഭാരമാണ് ഏല്പിച്ചു കൊണ്ടിരിക്കുന്നത് ...
വളഞ്ഞ് പോകരുത് /ഒടിയുകയുമരുത്
വലിച്ചെറിയപ്പെടും ..
നാം വെറും ആണികള്‍..!

സിമെന്റ്റ്‌ ചുമരുകളില്‍/
മരത്തടികളില്‍....
ചിത്രങ്ങള്‍ക്ക് തൂങ്ങിയാടന്‍/
കാലത്തിന് കിടന്നു ഉറങ്ങാന്‍ ...
ഒന്നിനോടൊന്ന് ചേര്‍ത്തു വയ്ക്കാന്‍/
വീണു പോകാതെ കാത്തുവയ്ക്കാന്‍ ..

അഗ്നിക്കുളം നീന്തികേറിയ
ഊന്നുന്നിടം ആഴ്ന്നു പോകാനും
ചുറ്റിക ചുണ്ടിന് ഉമ്മ വയ്ക്കാനും
പാകപെടുത്തിയ നീണ്ടൊരു ഉടലില്‍
തലയും കാലും മാത്രമുള്ള
വെറും ആണികള്‍ നാം
...!

Wednesday, December 7, 2011

പ്രണയഘടികാരം...

പ്രണയഘടികാരത്തില്‍
യുഗങ്ങള്‍ വര്‍ഷങ്ങളായും
വര്‍ഷങ്ങള്‍ മണിക്കൂറുകളായും
മണിക്കൂറുകള്‍ നിമിഷങ്ങളായും
പരിണമിച്ചെങ്കിലെന്നു മനം കൊള്ളവേ
പച്ചമരം കത്തുന്ന കാട്ടുതീപോലെ
പടരുന്നു പ്രണയമെന്നുള്ളില്‍....

നിന്നിലേയ്ക്കൊഴുകുമെന്‍
പ്രണയ വരികളില്‍
മുങ്ങിക്കുളിച്ചു തിമിര്‍ക്കുവാന്‍
കുതിച്ചു ചാടുന്നക്ഷരങ്ങളെത്രയോ,
യെങ്ങുനിന്നെല്ലാമോ !
നഗ്നമാം നിലാവിന്‍റെ
നിറമാറില്‍ വൃക്ഷത്തലപ്പുകള്‍
ചാഞ്ചാടി നില്‍ക്കവേ...

മൗനം വാക്കുകള്‍
കുടഞ്ഞെറിഞ്ഞപ്പോള്‍
കേള്‍ക്കാന്‍ക്കൊതിച്ചതൊക്കെയും
നിന്‍ സ്വനംമാത്രം
അകലെത്തെതോ
പൂങ്കാവനത്തില്‍നിന്നെതോ
കാറ്റിലേറിവന്ന സുഗന്ധവും
നിന്‍ നിശ്വാസത്തില്‍ മാഞ്ഞു പോയ്‌

Sunday, December 4, 2011

അപേക്ഷ ..

ഭാരത സര്‍ക്കാരിനോട് ...

എനിക്കിനിയുമൊരു
പാസ്പോര്‍ട്ട് വേണം
മുഖമിതുതന്നെ
വയസ്സിതുതന്നെ
മേല്‍വിലാസവുമിതുതന്നെ
പ്രഥമല്ലായിരുന്നു,അല്ല,
യെങ്കിലുമൊരു പൌരന്‍
ഭാരതീയന്‍...
ലിങ്കന്റെ നാട്ടിലെയ്ക്കൊന്നു പോണം
കിങ്ങിന്റെയാ നാടോന്നു ചുറ്റിക്കാണണം
എന്‍റെ കൗപീനത്തിനും കാലുറയ്ക്കും
സൗന്ദര്യമില്ല ,പ്രദര്‍ശനം പറ്റില്ല
ഭയജ്വരം ബാധിച്ചവരുടെ ഇടയിലേയ്ക്ക്
പോകാന്‍ , ഒരു അപേക്ഷ മാത്രം
എനിക്ക് അമുസ്ലീമിന്റെ
നാമം മാത്രം ചാര്‍ത്തി തരണം.