Wednesday, December 22, 2010

ഒരു ഓംലെറ്റിന്‍റെ..വിലാപം !

നടുവിരല്‍ മടക്കി ഒരൊറ്റ കൊട്ടിന്
എന്‍റെ തളിര്‍ ജീവന്‍റെ ശ്വാസം നിലപ്പിച്ചു
പിന്നെ ഉള്ളിയും പച്ചമുളകും
സ്ഥാനം പിടിച്ചിരുന്ന ഒരു കപ്പിലേക്ക് ഒഴിച്ച്
ഉപ്പും ചേര്‍ത്തു ഒരു കൊച്ചു സ്പൂണ്‍ കൊണ്ട്
ശരീരത്തെ അടിച്ചു കലക്കി പതപ്പിച്ച്
എണ്ണ ചൂടായി കിടക്കുന്ന
ഒരു ഫ്രൈ പാനിലേക്ക് ഒഴിച്ചു ..
പിന്നെ മറിച്ചിട്ടും പീഡിപ്പിച്ച്....
ഒരിലക്കീറിലിതായിങ്ങനെ ....
എടുത്തിട്ടിരിക്കുന്നു !

ഈ നേരങ്ങളില്‍ എന്തെല്ലാം ഏതെല്ലാം
രൂപത്തില്‍ എന്‍റെ നിലവിളികള്‍ ഉയര്‍ന്നു ....!
എന്നെ പൊട്ടിക്കുന്ന സൂക്ഷ്മതയില്‍
ജീവന്‍ പോകുന്ന നിലവിളി നീ കേട്ടില്ല ..!
കപ്പും കരണ്ടിയും തമ്മില്‍
ആഞ്ഞാഞ്ഞ് ഉരസിയ ശബ്ദത്താല്‍
കലങ്ങുന്ന ഹൃദയത്തിന്‍റെ രോദനം നീ കേട്ടില്ല ....!
ചൂട് കല്ലിലേക്ക്, ഉള്ളിയും മുളകും ഉപ്പും ഏല്പ്പിച്ച
എരിവും നീറ്റലും പേറിക്കൊണ്ട് പതിക്കുമ്പോള്‍
ആത്മാവിന്‍റെ ഘോരമായ അലര്‍ച്ചയും,
അതിന്‍റെ അവരോഹണവും ഞാന്‍ പാകമാകുന്നതായുള്ള
അടയാളമായി നീ  തെറ്റിധരിച്ചു ...

ഒന്ന് ഓര്‍ത്ത്‌ നോക്കൂ...
ഇത് നീയായിരുനെങ്കില്‍....?

Tuesday, December 21, 2010

വഴിയമ്പലത്തിലിരിക്കുംപോള്‍...പിന്നിലെ രാസവര്‍ണ്ണം
മാഞ്ഞു പോയതിനാല്‍
പ്രതിഫലനശേഷി നഷ്ടപെട്ടുപോയ
കണ്ണാടിയാണ് ഞാന്‍
എന്നിലേക്ക് നോക്കരുത് ,
നേരിട്ടുള്ള സംവാദം എനിക്കന്യമാണല്ലോ..

നിമിഷങ്ങള്‍ മരിച്ചു വീഴുന്ന
ഈ ശവപ്പറമ്പിലൂടെ
ഇനിയുമേറെ നടക്കേണ്ടതുണ്ട്
വഴിയമ്പലത്തിലെ
കല്‍ത്തൂണില് ‍ചാരിയിരുന്നു
കാലില്‍ തറച്ചുപോയ
മുള്ളുകളെ വലിച്ചൂരട്ടെ ഞാന്‍....
പാതയിലിനിയുള്ള മുള്ളുകള്‍ക്ക്
അത്  അനായസമായി തീരട്ടെ
എത്ര മനോഹരമായ
പൂച്ചെടികള്‍ ഉണ്ടായിരുന്നു ..
എങ്കിലും ഞാന്‍ പാകി പോയത്
കല്ലിമുള്‍ ചെടികളായിരുന്നുവല്ലോ..

Tuesday, December 14, 2010

കുഞ്ഞു കുറിപ്പുകള്‍ ....(1)

1,
ദാഹം !
ശമനത്തിനവന്‍ ജലം തേടുക തന്നെ ചെയ്യും
ദുര്‍ലഭത അന്ന്വേഷണത്വര കൂട്ടും
മഞ്ഞുരുകും താഴ്‌വരയില്‍ മിന്നാമിനുങ്ങിലും
ചെറുചൂടവന്‍ തിരഞ്ഞെക്കാം.
പ്രാണനില്‍ പ്രണയത്തെ അല്ല,
പ്രണയത്തില്‍ പ്രാണനെയണവന്‍ തേടിയത്
ഒടുവില്‍ നിഴലിനോടും
നിഴലവനോടും കളവുകള്‍ പറഞ്ഞു തുടങ്ങി
2,
ഓരോ അസ്തമയവും
വേദനകളെ സംസ്കരിച്ചു വയ്ക്കുന്നു
പക്ഷേ, ഓരോ സൂര്യോദയവും
വേദനകളെ തുടച്ചെറിയുന്നു .
രാവോരുവെളിച്ചമാണ്,
നക്ഷത്രങ്ങളെ കാട്ടിത്തരുന്ന വെളിച്ചം !
3,
തൊടുവോളം പ്രണയം ,
തൊട്ടുകഴിഞ്ഞാല്‍ പിന്നെ മറ്റെന്തോ ...
പ്രണയം ഒരു ചെടിയാണ്
തൊട്ടാവാടി ചെടി !
4,
വെട്ടാന്‍ മറന്നുപോയ മരക്കൊമ്പുകള്‍
കവിത ചൊല്ലുമ്പോള്‍ ,
അതു വിരിക്കും തണലത്തിരുന്നു
വിയര്‍പ്പാറ്റും മര്‍ത്യാ ..
മറവിയെക്കുറിചോര്‍ത്തല്ലോ
വ്യഥിതന്‍ നീയപ്പോഴും !
5
ഒരു കാമുകി പൊട്ടിച്ചു കൊണ്ടുപോയ
ഹൃദയത്തിന്റെ ശേഷിച്ച ,
ഭാഗത്തിലൊരു ഭാഗത്തെ ,
മറ്റൊരു കാമുകിയും ചുരണ്ടി തിന്നു .
ഇനി ഈ ബാക്കി അവള്‍ക്കു മാത്രം !
എന്നെന്ന് അറിയാതെ ഓടിവരുന്ന
എന്‍റെ അവസാനത്തെ കാമുകിക്ക് .
വെറുതെ ആവാത്ത കാത്തിരിപ്പിന്‍റെ സുഖം .....

Monday, December 13, 2010

പിപ്പാക്രിയുടെ ചോദ്യം

തുഷാരപട്ടണത്തിലെ ശ്മശാനത്തില്‍ ഒരു കുഴിമാടത്തിന്റെ മൂടുപാളികള്‍ തുറന്ന് പിപ്പാക്രിചോദിച്ചു:

“മുത്തശ്ച്ചാ ഈ പരമാധികാരം എന്നാല്‍ എന്തായിരുന്നു ?"

കുഴിമാടത്തിന്റെ അന്തരംഗം മുഴുവന്‍ സ്വന്തംശിരോരോമവെണ്മ വിതാനിച്, നിവര്‍ന്നു കിടക്കുകയായിരുന്ന വൃദ്ധന്‍, പേരക്കുട്ടിയുടെചോദ്യംകേട്ട് ചുണ്ടുകള്‍വിടര്‍ത്തി, ദന്തനിരകള്‍ പൊക്കിള്‍ക്കൊടി ബന്ധം ഉപേക്ഷിച്ചു പോയ'u 'പോലെ കിടക്കുന്ന ഒരു കൊഴുത്ത മണ്ണിരയെ കാട്ടി ചിരിച്ചു ,പിന്നെ പറഞ്ഞു:' മോനെ പിപ്പാക്രി ,മുത്തച്ഛന്റെ ക്ഷീണിതവും വികൃതവുമായ ശബ്ദത്തേക്കാള്‍, സ്പുടവും ഗാംഭീര്യമാര്‍ന്നതും ചരിത്രലിഖിതങ്ങളാണ്,ആ പഴഞ്ചന്‍ സ്വന്തം രൂപത്തിന്റെ പരിണാമഗുപ്തിയെക്കുറിച്ച് വെഥയോടെ ഓര്‍ത്തുകൊണ്ട്‌ ,ഭരണകൂടത്തിന്റെ ചവറ്റുകൂനയില്‍ ചിതല്‍ തീണ്ടാതെ കിടപ്പുണ്ടാവും , ചെന്ന് അതെടുത്തു വായിക്കുക . ഇപ്പോള്‍ മോന്‍ എനിക്ക് പറഞ്ഞു തരിക , എന്താണ് പരമാധികാരം ?’

നിമിഷങ്ങള്‍ മാത്രം വേണ്ടിവന്ന ആലോചനക്കുശേഷം പൌത്രന്‍ പിപ്പാക്രി പറഞ്ഞു: ‘ഫാസിസ്റ്റ് കര്‍ഷകന്‍റെ കളപറിക്കാനുള്ള അവകാശം! അതാണു മുത്തശ്ച്ചാ,ഇന്നുപരമാധികാരം..'

അനന്തരം വൃദ്ധന്‍റെ ശിരോരോമവെണ്മ, ഒരു ചെറു ഗോളമായി പരിണമിച്ച്, പിപ്പാക്രിയുടെതലയ്ക്കും മേലെ ഉയര്‍ന്ന്, ഉയര്‍ന്ന് നക്ഷത്രകൂട്ടങ്ങള്‍ക്കിടയിലെങ്ങോ കാഴ്ച്ചവട്ടം വിട്ടുപോയി .പിന്നെ ശേഷിച്ച തമസ്സിനും മേലെ പിപ്പാക്രി മൂടുപാളികളിട്ടു.