Friday, November 22, 2013

ചെരുപ്പ്


 

കമ്പോളത്തിലെ ഷെല്‍ഫില്‍
അലങ്കരിച്ചു വച്ചിരിക്കുന്ന
ചെരുപ്പ് പോലെ ആണ്
ചിലപ്പോള്‍ ജീവിതം

ആരെങ്കിലും വാങ്ങും
ഇഷ്ടമുള്ള പോലെ ഉപയോഗിക്കും
ഏത് കല്ലിലും മുള്ളിലും
നടക്കാന്‍ വിധിക്കപെട്ടവര്‍

ഏത് ചെളിയിലും നടക്കണം
തേഞ്ഞ് തീരുവോളം
വാറ് പൊട്ടുവോളം
ഫാഷന്‍ മാറുവോളം

മറ്റൊരു ചെരുപ്പിനെ 
വേല്ക്കുവോളം 

നട നട നട ചെരുപ്പേ നട !

Monday, November 18, 2013

ഛായാഗ്രാഹി നന്നായിരിക്കുന്നതില്‍ വല്യ കാര്യമൊന്നും ഇല്ലാ


 


എന്റെ കേമറയ്ക്ക്
എന്റെ കാഴ്ചകളെ
അങ്ങനേ
പകര്‍ത്താന്‍ കഴിയുന്നുണ്ട്
എന്നാല്‍,
ആ ചിത്രം കാണുന്നവനിലേയ്ക്ക്
ആ ചിത്രത്തെ അങ്ങനേ
പകരത്താന്‍ കഴിയാത്തതാണ്
എന്‍റെ പരാജയം..

അഥവാ...

എന്‍റെ ചിത്രം കാണുന്നവനിലേയ്ക്ക്
ആ ചിത്രത്തെ
അങ്ങനേ
പകര്‍ത്താന്‍ കഴിയാത്തതിലല്ല
എന്‍റെ കേമറയ്ക്ക്
എന്റെ കാഴ്ചകളെ
അങ്ങനേ
പകര്‍ത്താന്‍ കഴിയുന്നതിലാണ്
എന്‍റെ പരാജയം ...

Sunday, November 17, 2013

നിറഭേദങ്ങള്‍


ഒരു നിറത്തിനുമേല്‍ പൂശിയിരിക്കുന്ന
പല പല വര്‍ണ്ണങ്ങളെ

ഒന്നൊന്നായി കഴുകി കളയുന്ന
രസമുള്ള കളിയാണ് ജീവിതം
 
ശൈശവ/ബാല്യ വര്‍ണ്ണങ്ങളെ
മാതാപിതാക്കള്‍ കഴുകി കളയും

ബാല്യ/കൗമാര വര്‍ണ്ണങ്ങളെ
സ്വയം കഴുകി കളയും

കൗമാര/യൗവ്വന വര്‍ണ്ണങ്ങളെ
ഭാര്യ/ഭര്ത്താവവ് കഴുകി കളയും

ഒടുവിലാ വാര്‍ദ്ധക്യ  നിറത്തെ
മക്കളും കഴുകി കളയുന്നു....

Tuesday, November 12, 2013

ജലധാനം
ഈ ഭൂമി മുഴുവന്‍
ജലമായിരിക്കേണ്ടാതാണ്
പക്ഷെ .....
ചില ജല കണികകളുടെ മോഹം
മേലേ ആകാശത്തില്‍ ...
മേഘങ്ങളായി ..
പറന്ന് നടക്കണം
ആ ഇടവേളകളിലാണ് 
ഭൂമിയില്‍ കരയുണ്ടായത്
ആ കരയിലൊരിടക്കാല 

നേരം പോക്കുകളായി നമ്മളും .
മഴയായി പെയ്തും
ബാഷ്പമായി തീര്‍ന്നും ...
കാലങ്ങളായി
ജല കണങ്ങളുടെ
അനുഗ്രഹങ്ങളായി ....

ഒരു ജലധാനം പോലെ

Tuesday, October 22, 2013

ചില പിഴച്ച സംഖ്യകള്‍

കൂട്ടാനോ കിഴിക്കാനോ
ഒന്നും നിന്ന് തരാത്ത
ചില സംഖ്യകളുണ്ട്
ജീവിത കണക്കു പുസ്തകത്തില്‍

ഒറ്റയായും ചിലപ്പോള്‍
ഇരട്ടയായും നില്ക്കുന്നവ
...
എവിടെയെങ്കിലും ഒരു കുറവ് വരുന്നേരം
അത്യാവശ്യത്തിന് ഒന്ന് കൂട്ടാന്‍
നോക്കുമ്പോള്‍ ഇവരെ കാണില്ലാ!

എപ്പോഴെങ്കിലും ഒന്ന് കൂടി പോയെന്ന് കണ്ട്
കുറയ്ക്കാന്‍ നോക്കുമ്പോഴും
ഇവര്‍ മുങ്ങി കളയും!

വിരുതന്മാരായ ഈ സംഖ്യകളാണ്
ജീവിതത്തിലെ കണക്കുകളെ
പലപ്പോഴും തെറ്റിക്കുന്നത്

നഷ്ടങ്ങളെ മാത്രം തരാന്‍
ഒരുമ്പെട്ടിറങ്ങിയ ഇത്തരം സംഖ്യകള്‍
ആരുടെ ജീവിതത്തിലാണ് ഇല്ലാത്തത് ?

Friday, October 18, 2013

തൂണ് !വിജനമായ വഴിയിലൂടെ നിങ്ങള്‍ നടക്കുന്നൂ
നടന്നു ...നടന്നു.. പോകവേ ദൂരെയായി ഒരു തൂണ് നിങ്ങള്‍ ശ്രദ്ധിക്കുന്നൂ
നിങ്ങള്‍ പിന്നെയും നടക്കുന്നൂ ..
പിന്നെയും അങ്ങ് ദൂരെ കാണുന്ന തൂണിനെ ശ്രദ്ധിച്ചു പോകുന്നൂ
അപരിചിതമായ വഴി
നിങ്ങളുടെ പാദയുടെ ദിശയില്‍ അല്ല ആ തൂണ്‍ നില്ക്കുന്നത്
ഒരു വശത്തായി വളരെ ദൂരെയാണ് ആ തൂണ് കാണുന്നത് ...
നിങ്ങള്‍ പിന്നെയും നടക്കുകയാണ് ...
പക്ഷെ നിങ്ങളുടെ വഴിയില്‍ അല്ല ആ തൂണ് എങ്കിലും
ആ തൂണിനടുത്തു പോകണം എന്ന് നിങ്ങള്ക്ക് ആഗ്രഹം തോന്നി തുടങ്ങിയിരിക്കുന്നു ..
നിങ്ങള്‍ പിന്നെയും നടക്കുകയാണ് ..ദൂരെയായി ആ തൂണും കാണുന്നൂ..
അപ്പോള്‍ നിങ്ങള്‍ നടക്കുന്ന പാദയില്‍ നിന്നും ആ വശത്തോട്ട് ഒരു വഴി പിരിയുന്നത് നിങ്ങള്‍ കാണുന്നൂ
അത് ആ തൂണ് നില്ക്കുയന്ന ഭാഗത്തേയ്ക്ക് ആണ് പോകുന്നത് എന്ന് നിങ്ങള്‍ തീരുമാനിക്കുന്നൂ
ആ തൂണിനെ കാണാന്‍ നിങ്ങളുടെ മനസ്സില്‍ ആഗ്രഹം ജനിച്ചു പോയത് കാരണം നിങ്ങള്‍ ആ ഭാഗത്തേയ്ക്ക് തന്നെ നടക്കാന്‍ തീരുമാനിക്കുന്നു ...
നിങ്ങള്‍ നടക്കുന്നു ..ഇപ്പോള്‍ നിങ്ങള്ക്ക് അഭിമുഖമായി ദൂരെ ആ തൂണിനെ കാണാം
ഇപ്പോള്‍ നിങ്ങളുടെ ചിന്ത മുഴുവന്‍ ആ തൂണിനെ പറ്റിയാണ്
എന്ത് തൂണാവും അത് ?
എന്ത് കൊണ്ടാണ് ആ തൂണ് നിര്മിച്ചിരിക്കുന്നത് ?
എന്തിനാണ് ഇത്രയും പൊക്കമുള്ള ഒരു തൂണ്‍ അവിടെ ?
നിങ്ങള്‍ തൂണിന്റെ അടുത്ത് എത്തും തോറും തൂണ്‍ വലുതായി കൊണ്ടിരുന്നു ..
നിങ്ങള്‍ വേഗത്തിലും ചിലപ്പോള്‍ മെല്ലെയും നടന്നു കൊണ്ടിരുന്നു ..
അതനുസരിച്ച് തൂണിന്റെ വലിപ്പം മാറികൊണ്ടിരുന്നു..
പിന്നെ പിന്നെ കാഴ്ച്ചയുടെ ഒറ്റ ഫ്രെയിമില്‍ നിന്നും ആ തൂണ് അപ്രത്യക്ഷമായി....
ഒടുവില്‍ നിങ്ങള്‍ അതിന്റെി അടുത്ത് എത്തി ചേരുമ്പോള്‍ അതൊരു തൂണാണ് എന്ന ധാരണ നിങ്ങള്ക്ക് നഷ്ടമാകുന്നു ..
അപ്പോള്‍ നിങ്ങളുടെ യാത്ര അവസാനിച്ചിട്ടുണ്ടായിരിക്കു
പക്ഷെ ആ തൂണിനെ തേടി ആള്ക്കാര്‍ അങ്ങോട്ട്‌ നടന്നു കൊണ്ട് തന്നെയിരിക്കുന്നു ..

Monday, October 14, 2013

ഇഷ്ടമാണ്


നിന്‍റെ മൃദുലതയെ തൊട്ടറിയുന്ന
എന്‍റെ വിരല്ത്തുമ്പിനെ എനിക്കിഷ്ടമാണ്

നിന്‍റെ ഗന്ധം എന്‍റെ സിരകളില്‍ പകര്‍ന്ന് തരുന്ന
എന്‍റെ മൂക്കിനെ എനിക്കിഷ്ടമാണ്

നിന്‍റെ ശബ്ദം മധുരമായി എന്നിലേയ്ക്കെത്തിക്കുന്ന
എന്‍റെ ചെവികളെ എനിക്കിഷ്ടമാണ്

നിന്‍റെ സൗന്ദര്യം എന്‍റെ മനസ്സില്‍ ആനന്ദമാക്കുന്ന
എന്‍റെ കണ്ണുകളെയും എനിക്കിഷ്ടമാണ്

എനിക്ക് എന്നെ ഇഷ്ടമാണ്
നീ ഉണ്ടെങ്കില്‍ മാത്രം
എനിക്കെന്നെ വല്ലാതെ ഇഷ്ടമാണ് !

Saturday, August 3, 2013

നിറത്തിന് പിന്നിൽ ..


ഒരു നിറത്തിനായ്
ചിത്രകാരന്‍
രണ്ടു നിറങ്ങളെ കൊന്നു
ബ്രഷില്‍ നിന്നും ആര്‍ക്കും
കാണാനാവാതെ
ചോര തുള്ളികള്‍ ഇറ്റുന്നു
ചിത്രത്തില്‍
മരിച്ച നിറങ്ങള്‍
മറഞ്ഞിരുന്നു കരയുകയാണ്
ക്യാന്‍വാസ്‌
നിറങ്ങളുടെ കല്ലറയാകുന്നു
കാഴ്ചക്കാരന്‍റെ കയ്യടിയില്‍
ചിത്രകാരന്‍ താന്‍ പോലും
അറിയാത്ത ഒരു ഘാതകനായിത്തീരുന്നു..

Monday, July 29, 2013

ചിന്ന/പെരിയ ആസൈ

സ്റ്റാച്യു* ജങ്ങ്ഷനിനില്‍

ഒരു വീട് വയ്ക്കണം

ജനാല ചില്ലുകള്‍ ഒന്നും തന്നെ

ആരും എറിഞ്ഞു തകര്‍ക്കാതെ

സുഖമായി, സ്വസ്ഥമായി

ഇഷ്ടമുള്ള സംഗീതവും കേട്ട്

അവിടെ ജീവിച്ചു മരിക്കണം

അതിനു ഒരു വോട്ട് മാത്രം

എന്‍റെ വിരല്‍ തുമ്പിലുണ്ട്‌.

 

 

*(തലസ്ഥാനത്ത് സെക്രട്ടറിയേറ്റ് സ്ഥിതി ചെയ്യുന്ന ഭാഗം)

Monday, July 22, 2013

ഹോ ..എന്റെ മഴേ

മഴയ്ക്ക്‌
ഇനിയും പുനർജനിക്കാം
തുള്ളിക്കൊരു കുടം പോലെയും
ചാറ്റൽ പോലെയും
ചായ്ഞ്ഞും ചരിഞ്ഞും 

ആർത്തലച്ചും
പിന്നെയും പിന്നെയും
എത്ര വേണേലും പെയ്യാം

ഹോ ..എന്റെ മഴേ
നമുക്ക് നമ്മുടെ ജന്മങ്ങളെ വച്ച് മാറിയാലോ ..?

Thursday, July 18, 2013

ഒരേ നിറം

ചുവന്ന കടലാസ്സിൽ എഴുതാൻ
ചുമപ്പ്‌ മഷി കിട്ടിയ
ഭാഗ്യഹീനനായ
എഴുത്തുകാരനാണ്‌ ഞാൻ

പാവപ്പെട്ടവന്റെയും
പണക്കാരന്റെയും
ഇടയിലുള്ള അകലം
കൂടുന്നതിനെക്കുറിച്ചെഴുതിയാൽ
മാത്രം മതിയല്ലോ,
നമുക്ക് ചുറ്റുമുള്ള
എല്ലാ പ്രശ്നങ്ങളും
അതിൽ അന്തർലീനമായിരിക്കും

അതിനാൽ ഞാൻ എഴുതുന്നില്ല
എന്ന് മാത്രം നീ കരുതരുതേ,
നമ്മുടെ കണ്ണിന്റെ പരിമിതിയിൽ
നമുക്ക് എന്ത് ചെയ്യുവാനാകും ?

Wednesday, June 26, 2013

ഇനിയും വരും


എനിക്ക് നിന്നോട്
പ്രണയം തന്നെയാണ്
അതുകൊണ്ടല്ലേ
എന്നെക്കൊണ്ടാവുമ്പോളൊക്കെ
നിന്നരികിൽ ഞാൻ
ഓടിയെത്തുന്നത് ,
നിന്നിൽ നീന്തി കുളിക്കാൻ
വെമ്പൽ കൊള്ളുന്നത്‌ ..?

നിനക്കും എന്നോട്
പ്രണയം തന്നെയാണ്
അതല്ലേ നിന്നരികിൽ
ഞാനെത്തുമ്പോൾ
എപ്പോഴും തൊട്ടുരുമി
നിന്റെ ചുരുൾ മുടിയാൽ
എന്റെ പാദങ്ങളെ പുതയ്ക്കുന്നത് ..?

ചുവന്ന പൊട്ട്
നിന്നിലലിഞ്ഞ്
തീരുന്നതും
നിൻ നീലിമയും
കുസൃതികളും
കണ്ടു നില്ക്കുന്നതും
എന്ത് രസമെന്നൊ .?

ഇനിയും ഞാൻ വരും
എന്നെക്കൊണ്ടാവുമ്പോളൊക്കെ..

Friday, April 5, 2013

ചുണ്ടലമാരയിലെ ചുംബനങ്ങള്‍ !

ചുംബനങ്ങള്‍ അടുക്കി വച്ച
അലമാരപോലെ, നിന്‍റെ  അധരങ്ങള്‍
ഇടയ്ക്കിടെ  എനിക്കെത്തണമെന്നുണ്ട്‌
ചിലത് സൂക്ഷിച്ച് വയ്ക്കുവാനും
ചിലത് എടുത്ത് കൊണ്ട് പോകുവാനും
താഴിട്ട് പൂട്ടരുതൊരിക്കലും.

പ്രിയതരമെന്ന് ഞാന്‍
കരുതുന്നുവെങ്കിലത്
നിന്റെ് ശബ്ദത്തെ മാത്രമാണ് ,
മൊഴിയാതിരിക്കരുതൊരുനാളും
ചിലപ്പോള്‍, നിന്‍റെ മൗനം
എന്‍റെ കാതുകളെ ഭയപ്പെടുത്തിയെക്കാം .

വൈകും തോറും
കാത്തിരിക്കാന്‍ സുഖമുള്ളത്
നിന്‍റെ വരവിനെയാണ് ,
ഇനി നീ ആരാണ്
എന്ന് മാത്രം അറിയണം !

Saturday, March 30, 2013

സൗദിയും പ്രവാസിയും ഇരുവരുടെ പ്രശ്നങ്ങളുംസൗദിയിലെ ഭരണകൂടവും പൌരന്മാരും മുന്‍പ് ചെയ്ത തെറ്റുകള്‍ അലെങ്കില്‍ വരും വരായ്കകള്‍ മുന്നില്‍ കാണുന്നതിലെ ഭരണപരമായ വീഴ്ച , ഇന്ന് ഭരണകൂടം തിരുത്താന്‍ തയ്യാറാവുകയാണ്, അതില്‍ നാം അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് യുക്തിസഹമല്ല .
ഈ രാജ്യത്തിന്‍റെ ഉന്നമനത്തിന്/സേവനത്തിന് വേണ്ടിയാണ് അവര്‍ അന്യരാജ്യങ്ങളില്‍ നിന്നും മാനവവിഭവശേഷി കൊണ്ട് വരാന്‍ വിസ നല്‍കുന്നത് (അല്ലാതെ അന്ന്യദേശക്കാരുടെ തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കാനല്ല) ..ആദ്യ കാലങ്ങളില്‍ അത് ശെരിയായ ദിശയില്‍ ഉപയോഗിക്കപ്പെട്ടിരുന്നുവെങ്കിലും പില്‍കാലങ്ങളില്‍ അതിന്‍റെ ദുരുപയോഗം സംഭവിച്ചു തുടങ്ങുകയും അത് ഇക്കാലം വരേയും അനുസ്യൂതം തുടര്‍ന്ന് പോരുകയും ചെയ്തിരുന്നു അതാണ്‌ “ഫ്രീവിസ” എന്ന് നമുക്കെല്ലാം അറിയുന്ന വിസ കച്ചോടം !
തനിക്കു ആളെ ആവശ്യമുണ്ടെന്നു കള്ള രേഖകള്‍ കാണിച്ച് ഇവിടെത്തെ പൗരന്മാര്‍ സര്‍ക്കാരില്‍ നിന്നും വിസ തരപ്പെടുത്തി അതിനെ എജെന്റ്മാര്‍ മുഖേനെ കാശിന് വിറ്റ്, ആളെ കൊണ്ട് വന്ന് മറ്റെവിടെയെങ്കിലും സ്വതന്ത്രമായി ജോലി ചെയ്യാനുള്ള അനുമതി കൊടുത്ത് മാസാമാസം കപ്പം വാങ്ങി തിന്ന് ജീവിക്കുന്ന പരിപാടി !
(ചുരുക്കി പറഞ്ഞാല്‍ മനുഷ്യ കച്ചവടം)
ഈ വിസ ദുരുപയോഗം ഒന്നുകില്‍ സര്‍ക്കാര്‍ കണ്ടില്ല എന്ന് നടിച്ച് മൌന അനുവാദം കൊടുത്തു വന്നിരുന്നു അല്ലെങ്കില്‍ അവരതറിഞ്ഞില്ല .ഇപ്പൊള്‍ അവര്‍ ഇത് തിരിച്ചറിയുകയും ഈ കാരണങ്ങള്‍ കൊണ്ട് കൂടിയാണ് തങ്ങളുടെ പൌരന്മാര്‍ക്ക് തൊഴില്‍ ലഭിക്കാതെ പോകുന്നത് എന്ന വസ്തുത മനസിലാക്കുകയും നിതാഖത്തിന്‍റെ ഭാഗമായി പുതിയ നിയമങ്ങള്‍ സൃഷ്ടിച്ച് ഈ വിസാ പഴുതുകളെ തടയുകയാണ് സര്‍ക്കാര്‍ ചെയ്തത് . നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടി ഈ നടപടി ക്രമങ്ങളെ ദ്രുതഗതിയില്‍ ആക്കാന്‍ സരക്കരിനെ സമ്മര്‍ദ്ദം ചെലുത്തിയിട്ടുമുണ്ടാവാം .അതിന്‍റെ പരിണിത ഫലമായി നാം വിദേശികളില്‍ പലര്‍ക്കും തൊഴില്‍ നഷ്ടപെട്ടെന്നിരിക്കും ഈ രാജ്യം വിടേണ്ടി വന്നെന്നിരിക്കും അതില്‍ ബേജാറായി മിഴിച്ചു നിന്നിട്ട് കാര്യമില്ല .അതില്‍ ഇടപെടാന്‍ നമ്മുടെ നാട്ടിലെ ഭരണാധികാരികള്‍ക്ക് പരിമിതിയുണ്ട്.
പിന്നെ പുനരധിവാസം ...
എന്ത് പുനരധിവാസം ...അവനവന്‍ തന്‍റെ അരിക്കുള്ളത് സ്വയം കണ്ടെത്തുക എന്നല്ലാതെ ...? ഈ ഗള്‍ഫില്‍ വരാതെ തന്നെ എത്രയോ ആള്‍ക്കാര്‍ ഇന്നും കൂലി പണി ചെയ്തു നാട്ടില്‍ ജീവിക്കുന്നു ....പിന്നെ ഒരിക്കല്‍ ഗള്‍ഫില്‍ പോയി തിരികെ വന്നെന്ന് വച്ച് അവന് കൊമ്പ് ഉണ്ടോ ...? തിരികെ വരുമ്പോള്‍ ഉണ്ടാകുന്ന പെട്ടെന്നുള്ള അങ്കലാപ്പോന്നും മനസിലാകാതെ നിസ്സാരമായി കാണുകയോന്നുമല്ല ഞാന്‍ ഈ വിഷയത്തെ, എങ്കിലും നാം നാട്ടിലുള്ളവരെയുമായി ഒരല്പം താരതമ്യം ചെയ്ത് ഈ വിഷയത്തെ കുറച്ചു ലഘു കരിക്കാന്‍ ശ്രമിക്കണം അത്രേയുള്ളൂ
പിന്നെ നമ്മുടെ കറണ്ട് ചര്ച്ചാ വിഷയംമാധ്യമങ്ങൾ ഈ വിഷയത്തെ പെരുപ്പിച്ചു കാണിക്കുന്നു എന്നത്ആണല്ലോ.. .ഈ കാലത്തിൽ ഏതു മന്ദബുദ്ധിക്കും അറിയാം നമ്മുടെ മാധ്യമ സംസ്കാരം ...അന്നന്നത്തെ അന്നത്തിനു പേനയുന്തുന്നതിനുമപ്പുറം എന്ത് മാധ്യമ ധർമ്മമാണ്‌ ഇന്നത്തെ ബഹുഭൂരിപക്ഷം ചെറ്റ മാധ്യമ പ്രവർത്തകർക്ക് അവകാശപ്പെടാനുള്ളത്...? അതിനാൽ അതർഹിക്കുന്ന പുച്ചത്തോടെ അത് തള്ളിക്കളയുകയും ചെയുന്നു ..

അനിവാര്യമായത് സംഭവിക്കും അത്രമാത്രം

Friday, March 8, 2013

മറ്റൊരു വരകാത്ത്.!


വരച്ച് ശരിയാവാതെ
കേടായി പോയ
ചില ക്യാന്‍വാസുകളുണ്ട്
ഒരു മൂലയ്ക്ക്
വലിച്ചെറിയപ്പെട്ടവ
ഒരു പക്ഷെ
നല്ലൊരു ചിത്രകാരന്‍
എന്നെങ്കിലും വരുമെന്നും
നല്ലൊരു ചിത്രമായതീരുമെന്നും
ശുഭ പ്രതീക്ഷയോടെ
കാത്തുകിടകുന്ന
ക്യാന്‍വാസ്..

Tuesday, February 19, 2013

ഇനിയൊരിടം

സ്മാരകങ്ങള്‍ ഇല്ലാത്തൊരിടത്ത്
പോകണമെനിയ്ക്ക്

ഇന്നലകളുടെ
നഖചിത്രങ്ങളൊന്നുമേയില്ലാത്ത,

സദാചാരത്തിന്‍റെ ദുഷിച്ച
വേലിക്കെട്ടുകളില്ലാത്ത,

ഇന്നലകളുടെ ഓര്‍മ്മകളൊന്നും
ഭയപ്പെടുത്താത്ത,

അരാചകവാദിയുടെ
മുള്‍കിരീടം ധരിപ്പിക്കാനാരുമില്ലാത്ത,

നാളെ എന്റേതല്ല, ഇന്ന് മാത്രമുള്ള ഒരിടം, 
ഇന്നില്‍ തൃപ്തന്‍ ആവുന്നൊരിടം

Sunday, February 3, 2013

ചുമ്മാ ഓരോ തോന്നലുകളെ !

എന്‍റ്റേത് കുടിയേറ്റമായിരുന്നില്ല;
നിനക്കങ്ങനെ തോന്നുമെങ്കിലും,
നഷ്ടപെട്ടത് നിന്‍റെ മണ്ണുമല്ല.

നമുക്കുമേലൊരിക്കല്‍ വളരും
പുല്‍ നാമ്പുകളെ
നാമിന്ന് തിരയുകയില്ല ,
എങ്കിലും അതിവിടെ
എവിടെയോ ഇല്ലേ ?

അതാ പറഞ്ഞത്
നഷ്ടപെട്ടത് എന്‍റെ മണ്ണല്ല ;
അവന്‍റ്റേത് കുടിയേറ്റവുമല്ലായിരുന്നു
എനിക്കങ്ങനെ തോനിയെങ്കിലും .

Sunday, January 27, 2013

ഇല !

പച്ച ഇല,
കരിയിലയെ
പറ്റി
എഴുതുന്ന
കഥ,
ഭാവനാത്മകവും,  
കരിയില,
പച്ച ഇലയെ
പറ്റി
എഴുതുന്ന
കഥ,
ആത്മകഥാപരവും
ആകുമ്പോള്‍
രണ്ടിലും
കാലമാകുന്നു
നായകന്‍,
വില്ലനും !