Wednesday, September 5, 2012

മോര്‍ച്ചറി തുറക്കാന്‍ കൈക്കൂലി കൊടുത്തപ്പോള്‍


     അടുക്കളയില്‍  മിക്സിയില്‍   വെള്ളയപ്പത്തിനുള്ള മാവ് അരയുന്നു..
നെയ്‌മീനിന്‍റെ തല മാത്രം മുറബയില്‍നിന്നും വാങ്ങി കൊണ്ടുവന്ന്,
അതിന്‍റെ പാചകത്തിന് ഭാര്യയെ സഹായിച്ച് കൊണ്ട് നില്‍ക്കുകയായിരുന്നു ഞാന്‍ .അപ്പോഴാണ്‌ഫോണും കൊണ്ട് ഓടി മോന്‍ അടുത്തു വന്നത്.
"വാപിച്ച ...ഫോണ്‍..."
മിക്സി ഓഫ്‌ചെയ്ത് ഫോണെടുത്തു.....
"ഹലോ ...ജാഫ്ഫര്‍..സലാമുഅലൈക്കും .....ഇല്ല അറിഞ്ഞില്ല ...ങേ ....!!
പിന്നീട് എല്ലാം മൂളി കേള്‍ക്കുക ..മാത്രമാണ് ചെയ്തത് ..

  ഇന്ന് ഈ നേരം ഇവിടെ എത്താം എന്ന് പറഞ്ഞിരുന്ന ആളാ...
മരിച്ചു പോയെന്ന് ദാമ്മാമില്‍നിന്നും പരിചയക്കാരന്‍ വിളിച്ചു പറഞ്ഞത്....
കുറച്ചുനേരം പകച്ച് നിന്നു,തൊണ്ടയില്‍ വെള്ളം വറ്റി പോയി .
അവിശ്വസിക്കാന്‍തോന്നിയില്ല......
എട്ടോന്പതു മാസം മുന്‍പാണ് ആദ്യ അറ്റാക്ക് വന്നത് ..
പിന്നെ നാട്ടില്‍പോയി ചികിത്സയോക്കെ കഴിഞ്ഞ് വന്നിട്ട്, മൂന്നാല് മാസമേ ആകുന്നുള്ളൂ .കഴിഞ്ഞ മാസം ഇവിടെ വന്നിരുന്നപ്പോള്‍ നല്ല ഉഷാറായി കണ്ടിരുന്നു .രണ്ടു നില  പടി കേറി വന്നപ്പോള്‍ ചെറിയ ഒരു കിതപ്പുണ്ടായിരുന്നു ..
അഞ്ചു മിനിട്ട്കഴിഞ്ഞപ്പോള്‍ അത് മെല്ലെ മാറുകയും ചെയ്തു  .
രണ്ടു വയസ്സുള്ള മകനുണ്ട് , അതും ഏഴെട്ടു വര്‍ഷം കാത്തിരുന്നു കിട്ടിയ കുട്ടി .
അതിനെ ഒന്ന് താലോലിക്കാന്‍പോലും ....സമയം കിട്ടാതെ .. ഇത്ര വേഗം ...


       മോള്‍ ഉറങ്ങീട്ടുണ്ടാവും ..തൊട്ടിലാട്ട്  നിര്‍ത്തി ,ഭാര്യ അടുത്തു വന്നു ചോദിച്ചു.."ആരായിരുന്നു ..നിങ്ങളുടെ മുഖം എന്താ ഇങ്ങനെ ഇരിക്കുന്നെ ..?”
ഇവളോട് ഇത് ഇപ്പൊ എങ്ങനെ പറയും ?
എന്‍റെ മുഖ പേശികള്‍നിര്‍ദ്ദേശം പാലിക്കാതെ വരുന്നോ ...അള്ളാ ....
മരിച്ചത് ഇവളുടെ മാമയാണ്, ഉമ്മയുടെ സഹോദരന്‍..
പത്തു വയസിന്റെ വ്യത്യാസം മാത്രമുള്ള , ഒരുമിച്ചു ഒരു വീട്ടില്‍വളര്‍ന്ന ,
ഒരു സഹോദരനോ കൂട്ടുകാരനോ ഒക്കെ പോലെ ഒരുപാട് സ്നേഹിച്ചിരുന്നവര്‍...പക്ഷെ  പറയാതെ പറ്റില്ലലോ ...
"അത് ജാഫര്‍ആയിരുന്നു ..നിന്‍റെ മാമാക്ക് ....ചെറുതായി പിന്നേം
ഹോസ്പിറ്റലില്‍ആണ് ...കുഴപ്പം ഒന്നുമില്ല ...അത് പറയാന്‍വിളിച്ചതാ .."
മ്ലാനമായി ..കുറെ നേരം അവള്‍നിന്നു..
പിന്നെ ഫോണെടുത്തു ....
"വേണ്ട ..ഇപ്പൊ വിളിക്കണ്ട ..കുറെ കഴിഞ്ഞ് ഇങ്ങോട്ട് വിളിക്കാം എന്ന് ജാഫര്‍പറഞ്ഞിട്ടുണ്ട് .."
"അതെന്താ അങ്ങനെ ...?"
"കുറച്ചു വെയിറ്റ് ചെയ്യ്‌...ഇങ്ങോട്ട് വിളിക്കാം എന്നല്ലേ പറഞ്ഞത് .."
മോള്‍  കരഞ്ഞത് ആ നേരത്തില്‍ ഒരു അനുഗ്രഹമായി ...അവള്‍ അങ്ങോട്ട്‌ പോയി .മിക്സി പിന്നെ ഓടിക്കാന്‍തോനിയില്ല ,അതില്‍കിടക്കുന്ന പകുതി അരഞ്ഞ മാവ് ..
അതില്‍ചുടാനിരുന്ന അപ്പം  കഴിക്കാനുള്ള  ആള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല....
മീന്‍തല ശെരിപ്പെടുത്താന്‍  ഇനി എനിക്ക് വയ്യ ..

 ഹാളില്‍വന്ന് ടീവിയില്‍വെറുതെ കണ്ണോടിച്ചിരുന്നു...
പുറത്തു നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു .
ഇന്ന് മോന്‍റെ സുന്നത്ത് എടുക്കാന്‍ നിശ്ചയിച്ചതായിരുന്നു . 
ആ കാര്യം പറഞ്ഞപോള്‍ താനും വരാം, നാളെയാക്കം എന്ന് നിര്‍ബന്ധിച്ചു സമ്മതിപ്പിക്കുകയായിരുന്നു.
വേണ്ട ..വെറുതെ നാനൂറു കിലോമീറ്ററോളം യാത്ര ചെയ്യണ്ട എന്ന് ഒരുപാട് പറഞ്ഞു നോക്കി ..പക്ഷെ കേട്ടില്ല ..വരുമെന്ന് .നിര്‍ബന്ധമായിരുന്നു .
പക്ഷെ ..ഇന്ന്…ഇപ്പോള്‍ ... ദൂരം എത്രയെന്നു അറിയാന്‍ കഴിയാത്ത ഇടത്തേക്ക് ...യാത്ര പുറപ്പെട്ടു  കഴിഞ്ഞിരിക്കുന്നു ...!
ഹോ എന്തൊരു അവസ്ഥയാണിത് !
കുറെ കഴിഞ്ഞപ്പോള്‍ കൂടുതല്‍ ഫോണ്‍ കോള്‍സ് വരാന്‍ തുടങ്ങി ..
ഒടുവില്‍ അത് പറയാന്‍..ഞാന്‍ തീരുമാനിച്ചു . അവളുടെ കണ്ണിലേക്ക് നോക്കി ..കൈകള്‍അമര്‍ത്തി പിടിച്ചു.. അപ്പോഴേക്കും എന്‍റെ നിറഞ്ഞ കണ്ണുകള്‍..
പുറത്തു ചാടിയ രണ്ടു  തുള്ളികള്‍ അവളോട്‌ അത് പറഞ്ഞു ...ഉം .....പോയി ..!

  **                                                           **                                                      **
  "എനിക്ക് പോണം ..കാണണം ...കൂട്ടുകാരും ബന്ധുക്കളും നാട്ടുകാരും ഒക്കെ ഏറെ ഉണ്ടെങ്കിലും രക്തബന്ധം എനിക്ക് മാത്രമേ ഉള്ളു ...എനിക്ക് കണ്ടു ഉറപ്പു വരുത്തണം ...” ദൃഡമായി അവള്‍ പറഞ്ഞു
ദിവസം മൂന്നാല് കഴിഞ്ഞു ..ബോഡി ദമാം സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്നു .. മയ്യത്ത് ഇവിടെ തന്നെ അടക്കാന്‍ തീരുമാനമായി. പോകണമെന്നോ കാണണമെന്നോ ആദ്യം കരുതിയതല്ല , ചില സാങ്കേതിക കാരണങ്ങളാല്‍ ..(മകളുടെ പേര് ചേര്‍ക്കാന്‍ ഇക്കാമ അട്മിനെ ഏല്‍പ്പിച്ചിരുന്നു ,ഒരു മാസമായി ഇത് വരെയും അത് കിട്ടിയിരുന്നില്ല  )

ഒടുവില്‍ പോകാന്‍ തീരുമാനിച്ചു ...ഓഫീസില്‍ അഡ്മിനെ ബന്ധപെട്ട് അത്യാവശ്യം ബോധിപ്പി ച്ചു .ഇക്കാമ തിരികെ വാങ്ങി .വെള്ളിയാഴ്ച പോകാമെന്ന് ..തീരുമാനിച്ചു .വ്യാഴാഴ്ച രാത്രിയില്‍ ചെന്ന് റെന്റ് എ കാര്‍ എടുത്തു കൊണ്ട് വന്നു .രാവിലെ അഞ്ചു മണിക്ക് പോകാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി .രാത്രി പതിനൊന്നു മണി ആയിക്കാണും ..പുറത്തു നിന്നും ഭക്ഷണം വാങ്ങാന്‍ മകനുമൊത്ത് പുറത്തിറങ്ങിയതാണ്.നടക്കുന്നതിനിടയില്‍ ഫ്ലാറ്റ് ഫോമില്‍ ...ഒരല്പം പൊങ്ങി നിന്ന സിമെന്റ് കട്ടയില്‍ തട്ടി ...മോന്‍ കമഴന്നടിച്ചു ദാ കിടക്കുന്നു !

വെള്ളിയാഴ്ച രാവിലെ ശിഫ അല്‍ ജെസീറ ക്ലിനിക്കില്‍ ...
"ഇടതു കൈയ്ക്ക് ചെറിയ ഫ്രാക്ച്ചറുണ്ട് ...പ്ലസ്ടര്‍ ഇടണം ..."എക്സ് റേ ഫിലിം പരിശോധിച്ചിട്ട്   ഡോക്ടര്‍ പറഞ്ഞു .
ഉച്ച നമസ്കാരത്തിനു മുന്നേ ...പ്ലാസ്ടരും ഇട്ടു കുറിച്ച് തന്ന മരുന്നും വാങ്ങി വീട്ടില്‍ തിരിച്ചെത്തി ..

തലേന്ന് രാത്രി തന്നെ ദമ്മാമില്‍ നമ്മളെ കാത്തു നില്‍ക്കാമെന്നും സഹായിക്കാമെന്നും ഏറ്റിരുന്ന നസീറിനെ വിളിച്ചു പറഞ്ഞിരുന്നു ഇന്ന് വരവ്  ഉണ്ടാവില്ലാന്ന് .

"ഇതെന്താ ഇങ്ങനെ .....ഒരു ദുര്‍നിമിത്തം ...പോലെ ?എനിക്ക് എന്തോ പേടി തോനുന്നു ...." പിന്നെ ...അവള്‍ കുറെ കരഞ്ഞു ...

"എന്ത് ?....ഒന്നുമില്ല ...നാളെ രാവിലെ നമ്മള്‍ പോകുന്നു ....ധൈര്യമായിരി ...."
ദമ്മാമിലെ സുഹൃത്തിനെ വിളിച്ചു ശനിയാഴ്ച ചെല്ലാമെന്ന കാര്യം പറഞ്ഞു ,ബുദ്ധിമുട്ട് ഒന്നുമില്ലന്നു ഉറപ്പു വരുത്തി ..
മുന്‍പ് ഒറ്റയ്ക്ക് പല പ്രാവശ്യം പോയിട്ടുള്ളതാണ് പക്ഷെ ഇപ്പൊ കൂടെ ഡ്രൈവിംഗ് അറിയാമെന്നുള്ള ആരെങ്കിലും കൂടെ വേണം എന്നൊരു തോന്നല്‍, അങ്ങനെയാണ് യു പി  കാരനായ സുഹൃത്ത് ഷൌകത്തിനെയും കൂട്ടിനു വിളിച്ചത്

ജനുവരിയാണ്,നല്ല തണുപ്പ് ഉണ്ട് ...നാല് മാസം പ്രായമുള്ള മകളെ നന്നായി പൊതിഞ്ഞു എടുത്തു .. കയ്യില്‍ പ്ലാസ്ടര്‍ ഇട്ടിരിക്കുന്നതിനാല്‍ മകനെ ജാക്കെറ്റ്  ധരിപ്പിക്കുന്നതിന് ലേശം ബുദ്ധിമുട്ടി .. രാവിലെ അഞ്ചു മണിക്ക് തന്നെ വീട്ടില്‍ നിന്നും ഇറങ്ങി , ബത്തയില്‍ എത്തി ഷൌക്കത്തിനേയും  കയറ്റി  യാത്ര തുടര്‍ന്നു. ഇടയ്ക്കു ഒരിടത്ത് നിറുത്തി ..ഒരു കട്ടനടിച്ചു ....യാത്ര തുടര്‍ന്നു ..ഒന്‍പതു മണിയോട് അടുത്തു ദമ്മാമില്‍ എത്തിച്ചേര്‍ന്നു
നേരത്തെ പറഞ്ഞ സ്ഥലത്ത് തന്നെ സുഹൃത്ത് നസീര്‍ കാത്തു നില്പ്പുണ്ടായിരുന്നു ,പുള്ളിക്കാരെനെയും കയറ്റി നേരെ ആശുപത്രിയില്‍ എത്തി ചേര്‍ന്നു..

ദമ്മാം സെന്‍ട്രല്‍ ഹോസ്പിറ്റല്‍ ..വലിയൊരു ആശുപത്രി സമുച്ചയം ,അതിന്‍റെ ഒരു  കോര്‍ണറില്‍ ആയിട്ടാണ് മോര്‍ച്ചറി ..

മോര്‍ച്ചറിക്ക്  പിന്നിലായുള്ള കുറച്ചു സ്ഥലത്ത് കുറെ കാറുകള്‍ പാര്‍ക്ക്‌ ചെയ്തിരിക്കുന്നു ,അതിനിടയില്‍ ഞാനും കാര്‍ പാര്‍ക്ക്‌ ചെയ്തു.
ഞാനപ്പോള്‍ വല്ലാത്തൊരു മാനസിക അവസ്ഥയില്‍ എത്തി ചേര്‍ന്നു ജീവിതത്തില്‍ ഇതുവരെയും ഒരു മോര്‍ച്ചറി കണ്ടിട്ടില്ല ..ഇപ്പൊ ഇതാ ആദ്യമായി ...അതും ഭാര്യയേയും കൂട്ടി !ഭയം ..ഉത്ഖണ്ട... ജിജ്ഞാസ ..പരവേശം.....എന്തെക്കെയോ ....വിവരണാധീ തം മനസ് !

പെര്‍മിഷന്‍ വാങ്ങി വരാമെന്ന് പറഞ്ഞു പോയ നസീര്‍, മ്ലാനമായ മുഖവുമായി തിരികെ  വന്നു ..."എന്ത് പറ്റി.....?"
“അവര്‍ സമ്മതിക്കുന്നില്ല ..ഇപ്പൊ പറ്റില്ല എന്ന് പറയുന്നു ...”
“അതെന്താ .അങ്ങനെ ?”
“ഇന്നലെ വെള്ളിയാഴ്ച ഒരുപാട് ആളുകള്‍ നോക്കാന്‍ വന്നിരുന്നു ...അപ്പൊ തന്നെ ചില കശപിശ നടന്നിരുന്നു ..ഇത്രേം ആള്‍ക്കാര്‍ക്ക് കാണാന്‍ പറ്റില്ല എന്നൊക്കെ പറഞ്ഞു .....പക്ഷെ    ...സാരമില്ല ..വഴിയുണ്ട് ...”

“ഞാന്‍ വെണമെങ്കില്‍ ..ചെന്ന് സംസാരിച്ചു നോക്കിയാലോ ..ദൂരേന്നു വരുകയാണ് എന്നൊക്കെ പറഞ്ഞാല്‍ സമ്മതിക്കാതിരിക്കുമോ ?”

“വേണ്ട ..ഞാന്‍ പറഞ്ഞു നോക്കി ..സമ്മതിക്കുന്നില്ല ...വേറെ വഴിയുണ്ട് ...നിങ്ങളിരിക്ക് ..ഞാനിപ്പോ വരാം ..”എന്നും പറഞ്ഞു നസീര്‍ പോയി ...
എന്തൊരു കഷ്ടം ..!
കുറച്ച്  കഴിഞ്ഞ് ..നസീര്‍ ഓടി വന്നു .."ശെരിയാക്കീയിട്ടുണ്ട്..നിങ്ങള്‍ രണ്ടാളും മാത്രം പോയി കണ്ടിട്ട് വരൂ ..."
"നസീര്‍ വരുന്നില്ലേ .....?"
“ഇല്ല ഞാന്‍ വാതില് വരെ ..വരാം ...വാ ...”

മോളെ പുറക് സീറ്റില്‍ കിടത്തി ..മോനെ സൈഡില്‍ പിടിച്ചിരുത്തി  രണ്ടു പേരും ഉറക്കത്തിലാണ് ....
"ദോനോക്കോ ദേഖ് ലോ ....ഭയ്യാ ." ഷൌക്കത്തിനോട് പറഞ്ഞേല്‍പ്പിച്ചു ...
"ടീകെ...പെര്ശാന്‍ നഹി ഹോനേക...ഭാബീ കോ ദേഖോ ...ജാവോ ...”

ഞാന്‍ അവളെ തോളോട് ചേര്‍ത്തു പിടിച്ചു ..മെല്ലെ നടന്നു ...മുന്നില്‍ നസീര്‍ ഒരു പൊക്കം കുറഞ്ഞ വൃദ്ധനായ  ബംഗ്ലാദേശിയോട്  എന്തെക്കയോ ..പറഞ്ഞു കൊടുത്ത് നടക്കുന്നു ..
അവളെ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു ...ഞാന്‍ മുറുകെ പിടച്ചു ആശ്വസിപ്പിച്ചു ..ധൈര്യമായിരി ....
മോര്‍ചെറിയുടെ  വാതില്‍ തുറന്നിട്ട്‌ ..ആ ബംഗ്ലാദേശി മെല്ലെ പറഞ്ഞു ..
"ജോല്‍ദി ..ജോല്‍ദി.ദേഖേ ബഹര്‍ അനാ കാ  ..ടീകെ ..?”

“ടീകേ ....” ഞാന്‍  പറഞ്ഞു ..
**                                                                **                                                  **

  ഉള്ളില്‍ കടന്നതും അപരിചിതമായ ഒരു ഗന്ധം .....ഇതാവും ...മോര്‍ച്ചറിയുടെ മണം..!ഓര്‍മ്മയുടെ ശേഖരത്തില്യ്ക്ക് ഒരു ഗന്ധവും  കൂടെ ..സ്ഥാനം ഉറപിച്ചിരിക്കുന്നു ..!തലപെരുക്കുന്നു .....അവളേയും ചേര്‍ത്തു പിടിച്ചു നടന്നു സൈഡിലെയ്ക്ക് നോക്കിയില്ലെന്കിലും ..കാണുന്നു കാബിനുകള്‍ പോലെ ...ട്രായറുകള്‍...അതിനുള്ളില്‍ ....മൃതദേഹങ്ങള്‍ ....ഹോ ....!
മുന്നില്‍ ... ഒന്ന് രണ്ടു ബോഡി പാക്‌ ചെയ്യാനുള്ള പെട്ടികള്‍ ....കുളിപ്പിക്കുന്ന ...സ്ഥലം .....
പിന്നെ ...ബംഗ്ലാദേശി നിന്നു..ഒരു ട്രായര്‍ വലിച്ചു തുറന്നു ...
"ദേക്കോ...ജെല്തി...
പഴയതിനേക്കാള്‍ വെളുപ്പ്‌ തോനിച്ചു ....പ്രസ്സന്നമായ മുഖം ..
മൂക്കില്‍ നിന്നും ഒലിച്ചിറങ്ങിയ രക്ത പ്പാടുകള്‍ ....
അവള്‍ വേച്ചുവോ..ഞാന്‍ ഒന്നൂടെ ചേര്‍ത്ത് പിടിച്ചു ...ഒരു മിനിറ്റോ അല്ലെങ്കില്‍ അല്പം കൂടുതലോ ..അത്രെയും നേരം മാത്രം ....
അപ്പോഴേക്കും വല്ലാത്ത ..സ്മെല്‍ ..ബോധാമണ്ടലത്തെ ആക്രമിക്കാന്‍ ഒരുങ്ങുന്നു ...ബംഗാളി ട്രായാര്‍ അടക്കാന്‍ ആഞ്ഞു ...അപ്പൊള്‍. ഒന്ന് കൂടെ നോക്കി ..ഒന്ന് തൊട്ട് .....അടയ്ക്കാന്‍  അനുവദിച്ചു ...
ഇനിയും അവിടെ നില്‍ക്കുകയെന്നതും പ്രയാസകരം  ആയിരുന്നു
(നേരത്തെ നസീര്‍ പറഞ്ഞ് ഏല്‍പിച്ചിരുന്നു...ട്രായര്‍ തുറക്കുമ്പോള്‍ ..കണ്ടേക്കാവുന്ന തൊട്ടടുത്ത ട്രായരിലെക്ക് നോക്കരുതെന്ന് ...അവിടെ പല കഷണങ്ങളായ  (അപകടത്തില്‍ മരിച്ചതാവം) ഒരു ബോഡി ഉണ്ട് എന്ന്. എങ്കിലും..അറിയാതെ .അതും കണ്ടു ...അതില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു )

അവള്‍ തളരുകയായിരുന്നു ..എങ്കിലും ..ചേര്‍ത്ത് പിടിച്ചു ..താങ്ങി ഞാന്‍ വേഗം പുറത്തിറങ്ങി ..വണ്ടിയില്‍ കൊണ്ട് ഇരുത്തി ......
കുറച്ചു നേരം ....മൗനമായി കടന്നു പോയ്‌ ...
അപ്പോഴേയ്ക്കും നസീര്‍ വന്നു ...ആ കുറുകിയ ബംഗ്ലാദേശി ദൂരെ മറഞ്ഞു ...

“നൂറു റിയാല്‍ .കൊടുത്തു ആ ബംഗ്ലാദേശിക്ക്‌.....”നസീര്‍ പറഞ്ഞു....

അല്‍പ്പനേരം തരിച്ചിരുന്നു പോയ്‌ ...ആ നേരമാണ് എനിക്ക് ...വല്ലാതെ വേദന തോനിയത് .....നൂറു റിയാലിന്‍റെ ധന നഷ്ടത്തെ ഓര്‍ത്തല്ല ....
ആ സാഹചര്യത്തെ ഓര്‍ത്ത്‌ ...ആ മനുഷ്യന്‍റെ ദുര്‍വിധിയെ ഓര്‍ത്ത്‌ !

സ്വന്തം രക്തത്തിന് തന്നെ അവസാനമായി ഒന്ന് കാണാന്‍ ...കൈക്കൂലി കൊടുക്കേണ്ടി വന്നത് ആ മനുഷ്യന്‍റെ ആത്മാവ് കണ്ടിരിക്കുമോ ....?

ഈ അന്യദേശ ജീവിതത്തില്‍ ബന്ധുവിന്‍റെ മൃതദേഹം കാണാന്‍ കൈക്കൂലി കൊടുക്കേണ്ടി വന്ന ദുര്യോഗത്തെ  എങ്ങനെയാണ് ഞങ്ങള്‍ക്ക്  മറക്കാന്‍ കഴിയുക ....വര്‍ഷം മൂന്നിലേറെ കഴിഞ്ഞിരിക്കുന്നു ..
ആ ഓര്‍മ്മകള്‍ക്ക്..ആ  വേദനകള്‍ക്ക് !

അന്യദേശ ജീവിതത്തിലെ ..ഒരു ഏട്...ഞാനിവിടെ  കീറിയിടുന്നു...!

സ്വദേശം വിട്ടവരേ ....
പ്രാര്‍ത്ഥനകളുടെ കൂട്ടത്തില്‍ നമുക്ക് മറക്കാതിരിക്കാം ...
മരണം സ്വദേശത്തില്‍ ആക്കി തരണമേ എന്നതും ...!

Tuesday, September 4, 2012

വാക്കുകളുടെ സെമിത്തേരി

വാക്കുകളുടെ
സെമിത്തേരിയിലേയ്ക്ക്
നമ്മുടെ കാലം
പെറുക്കി കളഞ്ഞ/
കളയുന്ന വാക്കുകളെ
തേടി
ഒരു യാത്ര
പോകണം...

ഒന്നിനുമല്ല
വെറുതെ
ഒരു റീത്ത് വച്ച്
തിരികെ പോരണം

പിന്നെ
പദശേഖരത്തില്‍ നിന്നും
അവയെ മായ്ച്ചു കളയണം ...

എഴുതി കഴിഞ്ഞ
പുസ്തകങ്ങളില്‍
ആ വാക്കുകള്‍
ചത്ത് കിടക്കട്ടെ .

പുതിയ
പുസ്തകങ്ങളില്‍
ഇനിയാരും എഴുതില്ല

ജീവന്‍റെ തുടിപ്പില്ലെങ്കില്‍
വാക്കുകളെയും
ആര്‍ക്കും വേണ്ടല്ലോ !