Monday, August 27, 2012

അന്നത്തിനായ് ദേശംവിട്ടവര്‍



ആരാന്‍റെ
ഘടികാരത്തിലെ
സൂചികളാകാന്‍‍,
അക്കങ്ങളാകാന്‍‍,
മണികളാകാന്‍,
വിധിക്കപെട്ടവര്‍‍ ...

നിശ്ചലതയെന്തന്നറിയാത്ത
പാദങ്ങളുമായി
നടന്നീടണം
സൂചികളെക്കാലവും

സൂചിവരുന്നതും
കാത്തനങ്ങാതെ
നില്‍ക്കേണം
അക്കങ്ങളെക്കാലവും
  
സൂചിയുമക്കവും  
മുഖാമുഖമെത്തുമ്പോള്‍
ഒച്ചയുണ്ടാക്കുവാന്‍
മറക്കാതിരിക്കണം
മണികളെക്കാലവും

ചുമരിലൊരാണിയില്‍
തൂങ്ങുമൊരു ചട്ടത്തില്‍
ജന്മമിങ്ങനെ മെല്ലെ   
ചലിച്ചൊടുങ്ങുന്നവര്‍ !

Monday, August 20, 2012

തിരഞ്ഞെടുക്കപ്പെടാനുള്ള കവിതയാണ് നീ


കവികള്‍ പോരിന്
വരുന്ന ഗോദയിലേയ്ക്ക്
മത്സരത്തിനായയക്കുന്നു നിന്നെ ..
പലതരം ജൂറികള്‍
പലതരം കവിതകള്‍
വ്യത്യസ്ഥരാം
ജൂറികളുടെ ഹൃദയ തിരകള്‍
നീ തനിയെ നീന്തി  ജയിക്കണം

നീ തോല്പിക്കേണ്ടത്
കവികളെയാണ്,
കവിതയെ കവിതയ്ക്ക്
തോല്പിക്കാനാവില്ലല്ലോ,
കവിത തോല്‍ക്കാനുള്ളതുമല്ല .

ആത്മാവിനെ കൊത്തി നുറുക്കി
പിഴിഞ്ഞെടുത്ത ചോരയില്‍
നിരത്തുന്ന വാക്കുകള്‍...
അക്ഷരങ്ങളോരോന്നിലും
തുടിക്കുമെന്‍ ജീവന്‍റെ കണികകള്‍
ചോരമണം മാറാതെ ....
പതറാതെ   പൊരുതി ജയിച്ചീടണം

തിരികെ നീ വിജയക്കുറിയുമായി
വരുമ്പോള്‍ എന്നെ തിരയരുത്,
മത്സരത്തിന് നിന്നെ അയച്ചപ്പോഴേ
ഞാന്‍ മരിച്ചു പോയല്ലോ ..!!

Thursday, August 16, 2012

നാണയ പരിഷ്കരണം


നാണയത്തിന്‍റെ

ഒരു വശം

മൂല്യത്തിന്‍റെ

അക്കം

രേഖപ്പെടുത്തണം

മറ്റേ വശം

സ്നേഹത്തിന്‍റെ

അളവും...!

Saturday, August 4, 2012

മഴ മൊഴി

ഭൂമിയും
മോണോലിസയെ
പോലെ ചിരിക്കുന്നു ..

മരം മുറിഞ്ഞ്
വീണ് കഴിഞ്ഞപ്പോള്‍
വേരിന്‍ കണ്ണീര്‍ കൊണ്ട്
നനഞ്ഞ ഭൂമി,
മരം വെട്ടു കാരനോട്  ചോദിച്ചു

എന്തിനീ പാതകം  മരത്തോട് ചെയ്തു,
എന്‍റെ തണലിനെയും  അപഹരിച്ചു നീ ...?

‘അയ്യയ്യോ ..
അവന്‍ വെറും
മനുഷ്യനായിപ്പോയില്ലേ ..?
സ്വന്തം  ശബ്ദമേ
കേള്‍ക്കാന്‍ കൂട്ടാക്കാത്ത
അവനെങ്ങനെയാണ്
ഭൂമീ ,
നമ്മുടെ
ഭാഷകള്‍ കേള്‍ക്കുവത് ..?’

എന്നാനേരം പെയ്തൊരു   മഴ മൊഴി
കേള്‍ക്കെ  ചിരിച്ചുപോയ്‌  ഭൂമി ,
മോണോലിസയെ പോലെ !