Sunday, July 20, 2014

ആക്രിക്കാരനായ മിമിക്രിക്കാരന്‍ (കഥ ആണ് പോലും ... )

"പഴയ സാധനങ്ങള്‍ വില്‍ക്കാനുണ്ടോ ..പഴയ സാധനങ്ങള്‍ ...” അല്പം ദൂരെ നിന്നേ നടന്‍ മോഹന്‍ലാലിന്‍റെ ശബ്ദം കേട്ടപ്പോള്‍ അവള്‍ ചല്ലിയടി അടി നിര്‍ത്തി ,ചെറിയ കൈ ചുറ്റിക ഉടച്ചു കൂട്ടിയ മെറ്റല്‍ കൂമ്പാരത്തിനു മുകളില്‍ വച്ചിട്ട് കാതോര്‍ത്തു ...

“പഴയ സാധനങ്ങള്‍ വില്‍ക്കാനുണ്ടോ ..പഴയ സാധനങ്ങള്‍ ...”ഇപ്പോള്‍ കേട്ടത് നടന്‍ ഇന്നെസെന്റിന്റെ ശബ്ദം ആയിരുന്നു .അവള്‍ക്ക് അത് നന്നേ രസിച്ചു. മെല്ലെ എണീറ്റ്‌ അവള്‍ റോഡിലേക്ക് പാളി നോക്കി ,അടുത്ത വീട്ടിലെ മുന്‍ഭാഗത്ത്‌ വളര്‍ന്ന് നില്‍ക്കുന്ന വാഴയുടെ ഇലകള്‍ക്കിടയിലൂടെ അവള്‍ കണ്ടു, ഒരു തല ചുറ്റും നോക്കി നോക്കി നടന്ന് വരുന്നുണ്ട്.

“പഴയ സാധനങ്ങള്‍ വില്‍ക്കാനുണ്ടോ ..പഴയ സാധനങ്ങള്‍ ...”നടന്‍ ജഗദീഷിന്‍റെ ശബ്ദമായിരുന്നു വളുടെ വീടിനു മുന്നില്‍ എത്തിയപ്പോള്‍ കേട്ടത്

“ഹേയ് ഇവിടെ വരൂ” അവള്‍ അവനെ നോക്കി വിളിച്ചു.അവന്‍ നിന്നു. അവന്‍ നോക്കി

റോഡില്‍ നിന്നും പത്തമ്പതടി ഉള്ളിലായി ഉള്ള ഓല മേഞ്ഞ ഒരു കൊച്ചു വീട്. പോകാനുള്ള എട്ടു പത്തടി വീതിയുള്ള നടപ്പാത .ഒരു വശത്ത്‌ അടിച്ചു കൂട്ടിയ ചെല്ലി കൂമ്പാരം മറു വശത്ത്‌ വലിയ പാറ കഷ്ണങ്ങള്‍ .വീടിന്‍റെ മുറ്റത്ത്‌ വെയിലിന്‍റെ രൂക്ഷതയില്‍ നിന്നും മോചനം തേടാനായി ഇരുവശവും മെടഞ്ഞ ഒരു ഓല കുത്തി നിര്‍ത്തിരിക്കുന്നു .അതിന്‍റെ തണലില്‍ ഒരു കൊച്ചു നാല്‍ക്കാലി പലകയില്‍ ഇരിക്കുന്ന പെണ്ണ് അവന്‍ ഓര്‍ത്തു,ഇവിടെ നിന്നും എന്ത് പഴയ സാധനങ്ങള്‍ കിട്ടാനാണ്‌ ?

“ഇവിടെ വരൂ ...”അവള്‍ പിന്നെയും കൈ ആംഗ്യം കാട്ടി അവനെ വിളിച്ചു .
അവന്‍ സൈക്കിളില്‍ നിന്നും ഇറങ്ങി സൈക്കിളും ഉരുട്ടി കൊണ്ട് അവളുടെ അടുത്തേയ്ക്ക് വന്നു .
പിന്നെ സൈക്കിള്‍ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടു കേരിയറില്‍ നിന്നും പഴയ ചാക്കും ത്രാസ്സും കെട്ടഴിച്ചു എടുത്തു. എന്നിട്ട് അവളെ നോക്കി ചോദിച്ചു “എന്താ ഉള്ളത് ..?കൊണ്ട് വരൂ ...”

അവള്‍ എണീക്കാതെ അവിടെ തന്നെ ഇരുന്നു കൊണ്ട് ചോദിച്ചു ?

“എന്തൊക്കെ സാധനങ്ങള്‍ എടുക്കും ?”
ചുമ്മാ നിര്‍ദോഷമായ ഒരു പരിഹാസവും കുസൃതിയും ആ ചോദ്യത്തിന്റെ വിളുമ്പില്‍ പൂച്ചയുടെ നാവിലെ അരം പോലെ വ്യക്തമായിരുന്നു .
അവന്‍ ചിരിച്ചു പിന്നെ പറഞ്ഞു .. “അങ്ങനെ ചോദിച്ചാല്‍ .:D..എന്താ പറയുക ...കൊണ്ട് വരൂ ..എടുക്കാന്‍ പറ്റുന്നത് എടുക്കും ..അല്ലെങ്കില്‍ അത് പറയും ...”

അങ്ങനെ പറഞ്ഞാല്‍ പറ്റില്ല എന്തൊക്കെ സാധനങ്ങള്‍ എടുക്കും എന്ന് തെളിച്ചു പറയ്‌” ചെറു പുഞ്ചിരിയുമായി അവള്‍ വീണ്ടും ചോദിച്ചു അവന് കാര്യം മനസിലായി അവന്‍ പറഞ്ഞൂ .
“കളിയാക്കാനാനെങ്കില്‍ എനിക്ക് നേരമില്ല, സാധനം വല്ലതും ഉണ്ടെങ്കില്‍ നിങ്ങള്‍ വേഗം കൊണ്ട് വരൂ"

“നിങ്ങളോ ?..അത് കൊള്ളാം എനിക്ക് നിന്നെക്കാള്‍ ഒന്ന് രണ്ടു വയസു കുറവേ കാണൂ”
അവളുടെ മറുപടി കേട്ടപ്പോള്‍ അവന്‍ ചാക്കും ത്രാസ്സും സൈക്കിളിന്‍റെ പുറകില്‍ വച്ച് കെട്ടി പിന്നെ "ഞാന്‍ പോട്ടെ' എന്നും പറഞ്ഞു കൊണ്ട് സൈക്കിള്‍ സ്റ്റാന്‍ഡില്‍ നിന്നും ഇറക്കി ..

അവളുടെനെ പറഞ്ഞു .”അങ്ങനെ അങ്ങ് പോകാതെ സുഹൃത്തേ..കഴിഞ്ഞ പ്രാവശ്യം ഇത് വഴി സിനിമാ നടന്മാരുടെ ശബ്ദവും അനുകരിച്ചു കൊണ്ട് വിളിച്ചു കൂവി പോയപ്പോഴേ വിചാരിച്ചതാ ഇനിയെങ്ങാനും വരുകയാണെങ്കില്‍ വിളിച്ചു പരിചയപ്പെടണം എന്ന്.  മുറ്റത്തേയ്ക്ക് സൈക്കിള്‍ ഉരുട്ടും മുന്‍പേ ഒരു നിമിഷം വിചാരിച്ചില്ലെ ഈ കുടിലീന്  എന്ത് കിട്ടാനാണ്‌ എന്ന് ..? അത് ശരി തന്നെയാ ...ഇവിടെ എല്ലാം പഴയത് തന്നെയാ പക്ഷെ ഒന്നും വില്‍ക്കാനില്ലാ എന്ന് മാത്രം ...പല ആക്രിക്കാരന്മാരെയും കണ്ടിടുണ്ട് പക്ഷെ ഇത് പോലെ മിമിക്രി ആക്ക്രി ക്കാരനെ കാണുന്നത് ആദ്യായിട്ടാ ..ആ കൗതുകം കൊണ്ട് ഒന്ന് വിളിച്ചു പരിചയപ്പെടാമെന്നു വച്ചു .അത്രേയുള്ളൂ ..നന്നായി അനുകരിക്കുന്നുണ്ടല്ലോ ..വല്ല മിമിക്രി ട്രൂപ്പിലും ചേര്‍ന്നൂടെ...എന്തിനാ ഈ പണിക്കു ഇറങ്ങി തിരിച്ചേ ?”

അവന്‍ സൈക്കിള്‍ പിന്നെയും സ്റ്റാന്‍ഡില്‍ നിര്‍ത്തി എന്നിട്ട് അവളെ കുറച്ചു നേരം നോക്കി നിന്നു പിന്നെ ഗൂഡമായി മന്ദഹസിച്ചു.തുറന്നുള്ള അവളുടെ സംസാരം അവനിഷ്ടപെട്ടു അവനോടു ആദ്യമായിട്ടാണ് ഒരു പെണ്‍കുട്ടി ഇങ്ങനെ സംസാരിക്കുന്നത് ദരിദ്രയാണെങ്കിലും അവളുടെ അവളുടെ സംഭാഷണം സമ്പന്നമാണല്ലോ എന്നവന് തോന്നി.

"കുടിക്കാന്‍ കുറച്ച് വെള്ളം തരാമോ ?" അവന്‍ ചോദിച്ചു

"അതിനെന്താ തരാമല്ലോ ..പക്ഷെ പത്ത് പതിനഞ്ചു വര്‍ഷത്തിനു ശേഷം ആണ് ഇങ്ങനെ ചോദിക്കുന്നതെങ്കില്‍  ഒരു പക്ഷെ ഇല്ലാന്ന് പറഞ്ഞേനെ”എന്നും പറഞ്ഞു കൊണ്ട് തൊട്ടപ്പുറത്തുള്ള കിണറ്റിന്‍ കരയിലേയ്ക്ക് അവള്‍ പോയി .

അവളുടെ നര്‍മ്മ ബോധത്തിന്റെ ആഴം ചിന്തിച്ചു കൊണ്ട് തൊട്ടടുത്ത്‌ കിടന്ന ഒരു വലിയ പാറ കഷ്ണത്തിന് മുകളില്‍ അവന്‍ ഇരുന്നു .അല്പം കഴിഞ്ഞപ്പോള്‍ ഒരു മണ്കൂജയും ഒരു സ്റ്റീല്‍ കപ്പുമായി അവള്‍ വന്നു അവന്‍ അവളെ മൊത്തമായി ഒന്ന് നോക്കി കൈയ്യും മുഖവും ഒക്കെ കഴുകീട്ടുണ്ട് ...നേരത്തെ കണ്ടതിനേക്കാള്‍ സൗന്ദര്യം ഇപ്പോള്‍ അവള്‍ക്കുണ്ടായിരുന്നു കപ്പില്‍ വെള്ളം പകര്‍ന്ന് കൊടുക്കവേ ഖേദിക്കുന്ന മട്ടില്‍ അവന്‍ ചോദിച്ചു ..
”ബുദ്ധിമുട്ടായി ആല്ലേ ?”
അത് സാരമില്ല എന്ന മട്ടില്‍ ചിരിച്ചു കൊണ്ട് അവള്‍ ചോദിച്ചു

“എന്താ പേര് ?” വെള്ളം കുടിച്ചു കഴിഞ്ഞ് കപ്പ് തിരികെ കൊടുത്തു കൊണ്ട് അവന്‍ പറഞ്ഞു

.”മതി...പേര് മുകുന്ദന്‍”

“നല്ല പേര്” പ്രശംസ പോലെ അവള്‍ പറഞ്ഞു

"ഉവ്വോ ..അപ്പോള്‍ ഏതൊക്കെയാണ് ചീത്ത പേരുകള്‍ ?

അവന്‍റെ മറു ചോദ്യം കേട്ടപ്പോള്‍ അവളൊന്നു ചമ്മി ..അബദ്ധമായില്ലേ എന്ന് അവള്‍ക്കു തോന്നി ചമ്മല്‍ വരവ് വച്ച് കൊണ്ട് അവന്‍ അടുത്ത് ചോദിച്ചു

“നമ്മുടെ പേര് പറഞ്ഞില്ല ...?”

“മാളവിക” അവള്‍ പറഞ്ഞു

“ഉം ..നല്ല പേര് ,ചോദ്യം തിരിച്ചു വിടരുത് ട്ടോ..”അത്  കേട്ടപ്പോള്‍ അവള്‍ക്കൊപ്പം അവനും ചിരിച്ചു.

തുടര്‍ന്ന് സൈക്കിള്‍ സ്റ്റാന്‍ഡില്‍ നിന്നും ഇറക്കി കൊണ്ട് അവന്‍ പറഞ്ഞു
“കേരിയറിലെ ചാക്ക് കണ്ടല്ലോ ...കാലിയാണ് ...സന്ധ്യക്ക്‌ മുന്‍പേ എവിടെ നിന്നെങ്കിലും പഴയ സാധനങ്ങള്‍ ഒഴിപ്പിചെടുക്കണം ..എന്‍റെ വയറും നിറയണ്ടേ ..? പോട്ടെ അടുത്ത മാസം ഈ തിയതികളില്‍ ഈ ഭാഗത്ത് പട്രോളിംഗ് ഉണ്ടാവും ..വിളിച്ചാല്‍ വരാം വെള്ളം തന്നതിന് നന്ദി”

അവള്‍ യാന്ത്രികമായി ശരിയെന്ന് തലയാട്ടി ..

“പഴയ സാധനങ്ങള്‍ വില്‍ക്കാനുണ്ടോ ..പഴയ സാധനങ്ങള്‍ ...”
മമ്മുകൊയയുടെ ശബ്ദം ദൂരെയായി അലിഞ്ഞില്ലാതായി ..

അവള്‍ നാല്‍ക്കാലിയില്‍ അവനെയും ഓര്‍ത്തു കൊണ്ട് കൈചുറ്റികയെടുത്ത് പാറ കഷ്ണങ്ങള്‍ ചെറുതായി പൊട്ടിക്കാന്‍ തുടങ്ങി ...കൈ മാത്രം യാന്ത്രികമായി പണിയില്‍ ഏര്‍പ്പെട്ടു. മനസ് മുഴുവന്‍ അവനെ കുറിച്ച് ചിന്തിക്കുകയായിരുന്നു .വല്ല മന്ദബുദ്ധിയും ആയിരിക്കും എന്ന് കരുതിയാണ് വിളിച്ചത് ..പക്ഷെ ..കോളേജില്‍ എത്രയോ കുട്ടികളെ കാണുന്നു സംസാരിക്കുന്നു ഇടപഴകുന്നു പക്ഷെ അവര്‍ക്ക് ആര്‍ക്കും ഇല്ലാത്ത എന്തോ ഒരു പ്രത്യേകത താന്‍ ഇവനില്‍ കാണുന്ന പോലെ...

മുപ്പത് ദിവസവും എണ്ണി എണ്ണി കടന്നു പോയി .ഇന്ന് അവന്‍ വരും എന്ന് പറഞ്ഞ ദിവസമാണ് .അവള്‍ റോഡരുകില്‍ കാത്ത് നിന്നു .ഉം വരുന്നുണ്ട് ..ദൂരെ അവന്‍റെ സൈക്കിള്‍ അവള്‍ കണ്ടു ..പക്ഷെ പഴയത് പോലെ വിളി മാത്രം കേള്‍ക്കാനില്ല “പഴയ സാധനങ്ങള്‍ വില്‍ക്കാനുണ്ടോ ..പഴയ സാധനങ്ങള്‍ ...” എന്ന് സിനിമാ നടന്മാരുടെ ശബ്ദം ..

അടുത്തു വന്നു സൈക്കിള്‍ നിര്‍ത്തിയപ്പോള്‍ തന്നെ അവന്‍ ചോദിച്ചു

“എന്താ ഇന്ന് പണി ഒന്നും ഇല്ലേ പാറകള്‍ ഒരുപാട് ഉണ്ടല്ലോ ?”
 വീട്ടിലേയ്ക്കുള്ള പാതയ്ക്കൊരു വശം കഴിഞ്ഞ പ്രാവശ്യം അവന്‍  കണ്ടതിനേക്കാള്‍ പാറകള്‍ കൂടുതല്‍ ഉണ്ടായിരുന്നു ..

“വാ.. വെള്ളം വേണ്ടേ ...? അവള്‍ ചിരിച്ചും കൊണ്ട് ചോദിച്ചു ..

“സത്യത്തില്‍ ദാഹം ഇല്ലാ പക്ഷെ ഇവിടത്തെ കൂജയിലെ വെള്ളത്തിന്‌ ഒരു പ്രത്യേക സ്വാദ് ഉണ്ട് കേട്ടോ ...”

“എന്നാല്‍ വാ...” അവള്‍ വളരെ ഇഷ്ടത്തോട് കൂടി അവനെ വിളിച്ചു,മുന്‍പേ നടന്നു ..അവന്‍ സൈക്കിളില്‍ നിന്നും ഇറങ്ങി ഒരു കൈ സൈക്കിളിന്‍റെ ഹാന്‍ഡിലിലും മറ്റേ കൈ കേരിയറില്‍ കെട്ടിയിരുന്ന ലോഡിലും പിടിച്ചു കൊണ്ട് സൈക്കിള്‍ അവളുടെ വീടിനു മുന്നിലേയ്ക്ക് ഉരുട്ടി കൊണ്ട് നടന്നു

“ഇന്ന് രാവിലെ തന്നെ ശാപ്പാട്ടിനുള്ള വകയൊക്കെ ആയല്ലോ ?”

സൈക്കിളിന്‍റെ പുറകില്‍ കണ്ട ചാക്ക് കെട്ടില്‍ കണ്ണോടിച്ചു കൊണ്ട് നടക്കുന്നതിനിടയില്‍ അവള്‍ ചോദിച്ചു
“ഹേയ് അത്രയ്ക്കൊന്നും ഇല്ലാ ..ലാഭം കുറഞ്ഞ സാധനങ്ങളാ ....” കണ്ണിറുക്കി കൊണ്ട് അവന്‍ പറഞ്ഞു ..

മുന്‍പ് വന്നപ്പോള്‍ സൈക്കിള്‍ നിറുത്തിയ ഭാഗത്ത്‌ എത്തിയപ്പോള്‍ അവന്‍ സൈക്കിള്‍ സ്റ്റാന്‍ഡില്‍ കയറ്റി നിര്‍ത്തി .അവന്‍ അന്ന് ഇരുന്ന പാറ കഷ്ണം അവിടെ തന്നെ കിടപ്പുണ്ടായിരുന്നു .അതിലേയ്ക്ക് അവന്‍ ഇരിക്കാന്‍ ഭാവിച്ചപ്പോള്‍ അവള്‍ പറഞ്ഞു ..
“വാ വീടിനക്കത്ത് ഇരിക്കാം ..ഞാന്‍ മേശ വിളക്ക് കത്തിക്കാം ..”

“വേണ്ട ഇവിടെ തന്നെ ധാരാളം ..നല്ല കാറ്റും ഉണ്ടല്ലോ ...” അവന്‍ അത് സ്നേഹപൂര്‍വ്വം നിരസിച്ചു ..

“ശരി എന്നാല്‍ ഞാനിപ്പോള്‍ വരാം” എന്നും പറഞ്ഞ് അവള്‍ ആ കുടിലിനുള്ളിലെയ്ക്ക് പോയി .

അവന്‍ ആ കല്ലിന്‍ മേല്‍ ഇരുന്നു പിന്നെ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു പത്ത് മുപ്പതു സെന്റ്‌ ഭൂമി വരും പത്തു പന്ത്രണ്ട് തെങ്ങുകള്‍ .പിന്നെ വാഴയും ചേമ്പും..കിണറ്റിന്‍ കരയില്‍ ഒരു കൊച്ചു പൂന്തോട്ടവും ഉണ്ട്
ഒരഞ്ചു മിനിറ്റിനു ശേഷം ഒരു അലുമിനിയം പ്ലേറ്റുമായി അവള്‍ വന്നു

“പഴങ്കഞ്ഞി വെള്ളമാണ് ..മാങ്ങ അച്ചാറും ചേര്‍ത്തിട്ടുണ്ട്”
അവളത് അവന്‍റെ നേര്‍ക്ക്‌ നീട്ടി ..അവനതു പ്രതീക്ഷിച്ചതല്ലായിരുന്നു ,എങ്കിലും രണ്ടു കൈകള്‍ കൊണ്ടും അവനത്‌ വാങ്ങി കൊണ്ട് ഉപചാരപൂര്‍വ്വം പറഞ്ഞു
“ഇതൊന്നും വേണ്ടായിരുന്നു ..” അവനത്‌ മൊത്തി കുടിക്കുന്നത് അവള്‍ കൗതുകത്തോടെ നോക്കി നിന്നു.ആദ്യമായിട്ടാണ് ഒരു പുരുഷന് അവള്‍ ഇങ്ങനെ കൊടുക്കുന്നതും ഇങ്ങനെ നോക്കി നില്‍ക്കുന്നതും
മുഴുവന്‍ വെള്ളവും കുടിച്ചതിനു ശേഷം പാത്രം അവളെ തിരികെ ഏല്‍പ്പിക്കുമ്പോള്‍ അവന്‍ പറഞ്ഞു

“ഉഗ്രന്‍ കുറെ കാലമായി പഴങ്കഞ്ഞി വെള്ളം കുടിച്ചിട്ട്”

അവള്‍ അവന്‍റെ കണ്ണുകളിലേയ്ക്ക് നോക്കി ചിരിച്ചു കൊണ്ട് വെറുതേ തലയാട്ടി കൊണ്ട് നിന്നു.പിന്നെ ചോദിച്ചു ..

”അല്പം കൂടെ എടുക്കട്ടെ ?”

"അയ്യോ ..വേണ്ട പ്പോ തന്നെ വയറു ഡംമെന്നായി .വയറ്റില്‍ കൈ വച്ച്കൊണ്ട് അവന്‍ പറഞ്ഞു

അവള്‍ തുടര്‍ന്ന് പറഞ്ഞു “ പകല്‍ ഈ നേരം വീട്ടിലുണ്ടാവാന്‍ സാധ്യതയുണ്ടെങ്കില്‍ തലേന്ന് അരി അല്പം കൂടുതല്‍ ഇടും പഴം കഞ്ഞി കുടിക്കാന്‍ ..എനിക്ക് ഇഷ്ടപെട്ട ഒരു ആഹാരാമാണ് പഴങ്കഞ്ഞി ..”

അതും പറഞ്ഞു കൊണ്ട് അവള്‍ പാത്രവും കൊണ്ട് വീട്ടിനുള്ളിലെയ്ക്ക് കയറി പോയി .ഒരു ചാര്‍മിനാര്‍ കത്തിച്ച് മൂന്നാല് പുക എടുത്തു കഴിഞ്ഞപ്പോള്‍ അവള്‍ വന്നു.

അവന്‍ ചോദിച്ചു “വീട്ടില്‍ വേറെ ആരും ഇല്ലേ ?”

ഇല്ലാ ..അമ്മ മാത്രേ ഉള്ളൂ എനിക്ക്എന്നും രാവിലെ എട്ടു മണി ആകുമ്പോള്‍ അമ്മ നെയ്ത്ത് ശാലയിലെയ്ക്ക് പോകും കുറച്ചു ദൂരയാ വൈകീട്ട് നാല് മണി ആകുമ്പോള്‍ വരും ..”

“വേറെ ആരും ഇല്ല ?” സഹതാപത്തോടെ അവന്‍ പിന്നെയും ചോദിച്ചു

“ന്ഗുഹും ..ഇല്ലാ”..നിസ്സംഗ തയോടെ അവള്‍ ഇല്ലാന്ന് തലയാട്ടി.

“മാളവികയ്ക്ക്‌ വേറെ എന്തേലും ജോലി ഉണ്ടോ ..?അതോ ഈ പാറ പൊട്ടിക്കല്‍ പണി തന്നെയാണോ ?”

“ഞാന്‍ പഠിക്യാ പട്ടണത്തിലെ കോളേജില്‍ രണ്ടാം വര്‍ഷ ഡിഗ്രിക്ക്”

“ഒഹ്... അത് ശരി നല്ലത്” അവനു സന്തോഷം തോന്നി

“അപ്പോള്‍ അതിനുള്ള ചിലവോക്കെ ...?” അവന്‍ ചോദിച്ചു

“അതിനല്ലേ ഈ സൈഡ് ബിസ്സിനസ് ..” അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു

“നല്ല കഷ്ട്ടപ്പെടുന്നുണ്ടല്ലേ....” അവളോട്‌ മതിപ്പ് തോന്നിയ അവന്‍ വികാരാധീനനായി പറഞ്ഞു ..

"കഷ്ട്ടപ്പാടോ ...സുഖ സൗകര്യങ്ങള്‍ എന്തെന്ന് അറിയാത്തവര്‍ക്ക് കഷ്ട്ടപ്പാട് ഇല്ലല്ലോ ..കഷ്ട്ടപ്പാട് എന്തെന്ന് അറിയാത്തവര്‍ക്ക് സുഖ സൗകര്യങ്ങളും എന്തെന്നറിയില്ല” അവള്‍ ചിരിച്ചും കൊണ്ട് പറഞ്ഞു

 “അത് കൊള്ളാം നല്ല ഫിലോസഫി ....സമ്മതിച്ചു  :D..”അവന്‍ ചിരിച്ചു പോയി ..

അവള്‍ മെല്ലെ നാല്‍ക്കാലിപലകയില്‍ ഇരുന്നു

“അപ്പോള്‍ ഇന്ന് കോളേജില്‍ പോയില്ലേ ...?വെള്ളിയാഴ്ച ആണല്ലോ ?”

അവന്‍ സംശയം പോലെ ചോദിച്ചു

“ഇന്ന് കോളേജില്‍ ഇലക്ഷനാ.. മാത്രമല്ലാ ....” അവള്‍ പെട്ടന്ന് പറഞ്ഞ് നിര്‍ത്തി ..

“പിന്നെ ...?” അവള്‍ നിര്‍ത്തിയ ഭാഗം തുടരാന്‍ എന്ന വണ്ണം അവന്‍ ചോദിച്ചു ..

“പിന്നൊന്നുമില്ല ....ചെറുതായി ഒന്ന് വിളറിയും ലജ്ജിച്ചും കൊണ്ട് അവള്‍ പറഞ്ഞു ,വിഷയം മാറ്റാന്‍ എന്ന പോലെ അവള്‍ ചോദിച്ചു

“എവിടെയാ നാട് ...വീട്ടില്‍ ആരൊക്കെയുണ്ട് ?”

“നാട് എന്ന് പറയാനായിട്ടില്ല ..എങ്കിലും ഒരു വീട് ഉള്ളത് വളരെ ദൂരെയാ .വീട്ടില്‍ ആരുമില്ല എങ്ങും ആരുമില്ല ..”

“അവിടെ നിന്നാണോ ഈ സൈക്കിളും ചവിട്ടി വരുന്നത് ...?” അത്ഭുതത്തോടെ അവള്‍ ചോദിച്ചു ..

"അല്ലാ ..വീട് ഒരു പടക്ക നിര്‍മ്മാണ കമ്പനിക്ക് വാടകയ്ക്ക് കൊടുത്തിരിക്കുകയാ ഞാന്‍ താമസം കുറച്ചു ദൂരെ ആയി ഒരു കട മുറി വാടകയ്ക്ക് എടുത്ത് അതില്‍ തന്നെയാ താമസവും .."

“ആരുമില്ലന്നു പറഞ്ഞത് ....?”

“ആരുമില്ല തന്നെ ...പട്ടാളക്കാരുടെയും ഗള്‍ഫ് കാരുടെയും കഥകള്‍ പോലെ വിരസം തന്നെയാണ് അനാഥരുടെ കഥകളും മാളവികേ...അതൊക്കെ കേട്ട് എന്ത് ചെയ്യാന്‍ ...”

"എന്നാലും പറ ..കേള്‍ക്കട്ടെ ......"


                         ശുഭം


അവന്‍ പിന്നെ എന്ത് പറഞ്ഞെന്നോ അവള്‍ പിന്നെ എന്ത് കേട്ടന്നോ അവര്‍ പിന്നെ എന്ത് ചെയ്തെന്നോ  എങ്ങനെ ജീവിച്ചു എന്നോ ഒന്നും  നിങ്ങളെ പോലെ തന്നെ എനിക്കും അറിയില്ല .എനിക്ക് ഇങ്ങനെയാണ് ഈ കഥ കിട്ടിയത് .ബാക്കി ആര്‍ക്കു വേണേലും ഇഷ്ടം പോലെ സ്വയം എഴുതി  വായിക്കാം 

2 comments:

  1. നല്ല കഥയാണ് കേട്ടോ ഭായ്. നന്മയുള്ള കഥ. ഇങ്ങനെ രണ്ടുപേരെ കാണാന്‍ നമ്മളൊക്കെ ഇഷ്ടപ്പെടും. അല്ലേ?

    ReplyDelete
  2. വിളിച്ചെഴുന്നേല്‍പ്പിച്ചിട്ട് ചോറില്ലാന്ന് പറഞ്ഞതുപോലെയായിട്ടോ... ന്നാലും കൊള്ളാം.

    ReplyDelete