Sunday, January 27, 2013

ഇല !

പച്ച ഇല,
കരിയിലയെ
പറ്റി
എഴുതുന്ന
കഥ,
ഭാവനാത്മകവും,  
കരിയില,
പച്ച ഇലയെ
പറ്റി
എഴുതുന്ന
കഥ,
ആത്മകഥാപരവും
ആകുമ്പോള്‍
രണ്ടിലും
കാലമാകുന്നു
നായകന്‍,
വില്ലനും !

നീ ...

നിനക്ക് വേണ്ടി
എഴുതുമ്പോളാണ്‌
അക്ഷരങ്ങള്‍ 
മൊട്ടിടുന്നത്
നിന്നെപ്പറ്റി
എഴുതുമ്പോളാണ്‌
വാക്കുകള്‍
പൂത്തു വിടരുന്നത്
നിന്നെ
വര്‍ണ്ണിക്കുമ്പോളാണ്‌
വരികളില്‍
സുഗന്ധം പടരുന്നത്.

Tuesday, January 22, 2013

തിരിച്ചു പോക്ക്

ജീവിതത്തില്‍ എപ്പോഴൊക്കയോ
ഉടഞ്ഞ് വീണുപോയ വാക്കുകളെയും
ചിന്നിച്ചിതറിയ അര്‍ത്ഥങ്ങളെയും
തലോടുവാനും സാന്ത്വനപ്പെടുത്തുവാനും   
തിരികെയൊരു യാത്ര പോകണമെനിക്ക്

പിന്നിട്ട വഴികളാകയാല്‍ ദിഗ്ഭ്രമമില്ല
വക്കുകള്‍ പൊട്ടിയ അക്ഷരങ്ങളുടെ അറ്റം
കൈകളെ മുറിപ്പെടുത്തിയേക്കാം
അനാഥമായി കിടന്നക്കുന്ന അര്‍ത്ഥങ്ങള്‍
മുഖം തരാതെ നിന്നേക്കാം
എങ്കിലും പോയെ തീരു എനിയ്ക്ക്

പഴയ പള്ളിക്കൂടത്തിലെ
കളിക്കൂട്ട് കാരോടു കയര്‍ത്ത വാക്കുകള്‍
അച്ഛനമ്മ/സഹോദരങ്ങളോട്
അടിവച്ചു പൊട്ടിത്തെറിച്ച വാക്കുകള്‍
ടീച്ചര്‍ കേള്‍ക്കാത്തപ്പോളവരെ
അസഭ്യം പറഞ്ഞു ചിരിച്ച വാക്കുകള്‍
പ്രണയിനിയോട് പരിഭവിച്ച്‌
പിണക്കം നടിച്ച വാക്കുകള്‍  
അങ്ങനെ എത്രയെത്ര ആരോടൊക്കയോ
കലഹിച്ച് വ്രണമായ വാക്കുകള്‍

നേരുകള്‍ ..നേരുകള്‍ ...നിലയ്ക്കാത്ത ശബ്ദമായി
ഇപ്പോഴും അവിടെങ്ങളില്‍ തന്നെ ഉണ്ടാവണം
ഒരിക്കല്‍ ഞാന്‍ വരുമെന്നവ കാത്തിരിക്കുകയുമാവാം
അതെ, പോയല്ലേ പറ്റു എനിയ്ക്ക് ..?

Wednesday, January 9, 2013

ചഷകം



ചില നേരം ദാഹജലം
അല്ലെങ്കില്‍ ചായ/കാപ്പി
മറ്റുചിലപ്പോള്‍ മദ്യം
പറഞ്ഞിട്ടെന്താ
സ്പടിക ഭിത്തികളെങ്കിലും
ചഷകം ഇതൊന്നും ശ്രദ്ധിക്കറെയില്ലേ
ഇനിയിപ്പോ വിഷം നിറച്ചു വച്ചാലും !

Sunday, December 30, 2012

ചുമപ്പ്

ചുമപ്പാണ്
മനസിലെ
ഭയത്തിന്‍റെ ചിഹ്നം
ഓര്‍മ്മകളുടെ
അറയിലങ്ങനെയാണത്
രേഖപ്പെട്ടുപോയത്
എത്ര ദൂരെ നിന്നുമത്
വേഗം നമ്മുടെ കണ്ണിനെ
ആകര്‍ഷിക്കുമത്രേ..!
തന്‍റെയും
അന്യന്‍റെയും
ചോരയുടെ നിറം
ഒന്നാണെന്ന്
ഇത്ര
അടുത്തിരുന്നിട്ടു പോലും
മനസ്സിലാവുന്നുമില്ല !

Friday, November 30, 2012

ഇത്രേ ഉള്ളൂ ..ഇത്ര മാത്രം ..!


പുഴയില്‍
പുഴവേഗത്തില്‍
പുഴയ്ക്കൊപ്പമൊഴുകി
പുഴപ്പരപ്പില്‍
ഒരു ചിത്ര രചന
നടത്താന്‍ ശ്രമിക്കണം ..
ഒടുവിലായ്
കടലില്‍
എത്തി ചേരുമ്പോള്‍
ആരെന്നും എന്തെന്നും
അറിയാതെ
ഇല്ലാതായി
തീര്‍ന്നു കൊള്ളും.!
ഇത്രേ ഉള്ളൂ ..
ഇത്ര മാത്രം ..!

Sunday, November 25, 2012

കുപ്പായമില്ലാത്ത വരികള്‍

പരസ്ത്രീയേ...
എനിക്ക് നിന്നെ 
സഹോദരിയെപോലെ കാണുക വയ്യ
കാരണം ഇടയ്ക്ക് എന്‍റെ കണ്ണുകള്‍
നിന്‍റെ മാറിലേയ്ക്ക് യാത്ര നടത്തുന്നുണ്ട്
പിന്നെ അര്‍ഥം മാറി എന്നിലൂടെ നീ ഒഴുകുന്നു.

പ്രകൃതിയേ...
ഞാന്‍ നിന്നെ 
സംരക്ഷിച്ചു കൊള്ളാമെന്ന് ഏറ്റു
പക്ഷെ നീയാണ് ആ കര്‍മ്മം
എന്നില്‍ നിര്‍വ്വഹിക്കുന്നത്
ഞാന്‍ തിരിച്ചും.

സൌഹൃദമേ...
എന്നെ നിനക്ക് 
സമര്‍പ്പിക്കണം എന്നുണ്ട്
പക്ഷെ സ്വാര്‍ഥത കണ്ണ് കെട്ടുമ്പോള്‍
നിന്നെ ഞാന്‍ പലവിധത്തിലും
അപഹരിച്ചേക്കാം

പ്രണയമേ...
പ്രഭാതത്തിലെ മൂടല്‍മഞ്ഞേ
സൂര്യ കിരണങ്ങള്‍ക്ക്
ബലം പിടിക്കും വരെയല്ലേ നീയുള്ളൂ
പിന്നെ പുതു മഞ്ഞിനായി
അടുത്ത പ്രഭാതം വരെ ഞാന്‍ കാത്തിരിക്കും