Friday, April 29, 2011

ബാഗിലെ ബട്ടണ്‍ കത്തി !

“പണി തുടങ്ങട്ടെ സാറെ ?”.. പത്തു പതിനഞ്ചു മിനിട്ടായി കിടക്കയില്‍ മറിഞ്ഞും തിരിഞ്ഞും കിടക്കുന്ന അയാളോട് ഉറക്കം ചോദിച്ചു .അന്നേരം കുളി മുറിയില്‍ നിന്നും വന്ന നിശബ്ദത, കിടക്കറയിലേക്ക് പ്രവേശിച്ചു.ഷവറില്‍ നിന്നും അടര്‍ന്നു പതിച്ചു കൊണ്ടിരുന്ന ജല കണങ്ങളുടെ ആരവം തീര്‍ന്നിരിക്കുന്നു ,ഒരു മഴ തോര്‍ന്ന പ്രതീതി. ഉറക്കത്തിനൊരു ഉത്തരം നല്‍കാതെ എന്തോ ഓര്‍ത്തിട്ടെന്ന വണ്ണം ,അയാള്‍ കിടക്ക വിട്ടെണീറ്റു,നേരെ ചെന്ന് ചുമരലമാര തുറന്നു.അത് കണ്ടപ്പോള്‍ ഉറക്കത്തിന്റെ ക്ഷമകെട്ടു.ഇയാള  ഇതെന്തിന്റെ പുറപ്പാട...?കിടക്കയില്‍  കുത്തിയിരുന്ന് ഉറക്കം ആത്മഗതം ചെയ്തു .
    രാവിലെ ഓഫീസില്‍ പോകാനൊരുങ്ങുമ്പോള്‍ ഒരു പുസ്തകം വാങ്ങാന്‍ അയാള്‍ ഭാര്യയോട് പറഞ്ഞ് ഏല്‍പ്പിച്ചിരുന്നു ,അവളതു വാങ്ങി കൊണ്ട് വന്നോ എന്നറിയാനാണ് അയാള്‍ അലമാര തുറന്നു നോക്കിയത്. ,അവിടെ പുസ്തകം ഇല്ലന്ന് കണ്ടപ്പോള്‍ അവള്‍ ഓഫീസില്‍ കൊണ്ട് പോകാറുള്ള  അവളുടെ ബാഗ്‌ തുറന്നു നോക്കി !പക്ഷെ ബാഗിലും പുസ്തകം ഇല്ലായിരുന്നു ,പകരം അയാള്‍ അതില്‍ കണ്ടത് ഒരു കത്തിയായിരുന്നു .അത് അയാള്‍ പുറത്തേക്കു എടുത്തു അദ്ഭുതസ്തബ്ദനായിനിന്നു,ഒരു ബട്ടണ്‍ കത്തി !
  അയാള്‍ ബാഗു അലമാരയില്‍ വച്ച് ,കത്തിയുമായി കിടക്കയില്‍ വന്നിരുന്നു .അയാള്‍ ആലോചിച്ചു ,ഇവളെന്തിനപ്പാ ഈ കത്തിയും കൊണ്ട് നടക്കുന്നത് ? കറണ്ടാപീസിലെ ക്യഷ്യര്‍ക്കു എന്തിനാ കത്തി ?അവിടെ കത്തിയുടെ ആവശ്യം ഉള്ളതായിട്ട് അവള്‍ ഇത് വരെ പറഞ്ഞിട്ടില്ല ,പിന്നെ ?കറിക്കരിയാന്‍ ആരെങ്കിലും ബട്ടണ്‍ കത്തി വാങ്ങുമോ ! അല്ലെങ്കില്‍ തന്നെ അത് എന്തിനാണ് കൊണ്ട് നടക്കുന്ന ബാഗിലിടുന്നത്?തലമുടി ടവ്വല്‍ കൊണ്ട് തുടച്ചു കൊണ്ട്,ബാത്ത് റൂം തുറന്നു അവള്‍ പുറത്തേക്കു വന്നു ,ഈ അടുത്ത കാലത്താണ് കിടപ്പ് മുറി ബാത്ത് അറ്റാച്ചഡ് ആക്കിയത് ,അതെ പിന്നെ ഭയങ്കര  സ്വാതന്ത്രിയമാ ...

   എന്തിനാടീ .ഈ കത്തി ...? ചോദ്യം കെട്ടു അവള്‍ ഒന്നമ്പരന്നു ,പിന്നെ അയാള്‍ നീട്ടി പിടിച്ചിരിക്കുന്ന കത്തിയില്‍ നോക്കി അവള്‍ ചിരിച്ചു .ഓ മറന്നു ....പറയാം ഞാനീ നൈറ്റി ഒന്നിട്ടോട്ടെ ... വസ്ത്രങ്ങള്‍ തൂക്കിയിട്ടിരിക്കുന്ന അലമാര തുറന്നു പിടിച്ചു കൊണ്ട് അവള്‍ പിന്നെയും ചിരിക്കുകയായിരുന്നു ..ആ കത്തി നല്‍കിയ കൊച്ചു അസ്വസ്ഥത അയാള്‍ക്ക്‌ നഷ്ടമായി . അവളെന്തോ വികൃതി ഒപ്പിച്ച്ട്ടുണ്ടാവും അതാണ്‌ .ഈ നിര്‍ത്താതെയുള്ള ചിരി .അയാള്‍ വിചാരിച്ചു അയാളും അവളുടെ ചിരിയില്‍ പങ്കു ചേര്‍ന്നു ,ചിരികളുടെ ആരാധകനായ അയാള്‍ക്ക്‌ ലോകത്തിലെ ഏറ്റവും ഇഷ്ടമുള്ള ചിരി  തന്‍റെ ഭാര്യയുടെ ചിരിതന്നെ ..ചിരികളിലെ ചിരിപുണൃം!
“വന്നയുടനെ പറയണം എന്ന് കരുതീരുന്നതാ ...മറന്നു ..” അവള്‍ വസ്ത്രം ധരിച്ച് അയാള്‍ക്കരുകില്‍ വന്നിരുന്നു .ഇത്രയ്ക്കു ചിരി അടക്കാതിരിക്കാന്‍ എന്താണാവോ ഇവള്‍ പറയാന്‍ പോകുന്നത് ...
സ്വരക്ഷാ കം സാമൂഹ്യസേവനം ....! അതിനാ ഈ കത്തി !
ചോദ്യ ഭാവം കൊണ്ട് അയാളുടെ തല അല്‍പ്പമൊന്നു വെട്ടി ചരിഞ്ഞു
.....മൂന്നാല് ദിവസായിട്ട് ഒരുത്തന് എന്‍റെ മണം തലയ്ക്കു പിടിച്ചിരിക്കുകയായിരുന്നു ...ഇന്നവന്റെ...ആപ്പീസ് ഞാന്‍ പൂട്ടികൊടുത്തു .
മുന്‍പ് പല പ്രാവശ്യം ഞാന്‍ കണ്ണ് കൊണ്ട് താകീത് കൊടുത്തു നോക്കി ...പക്ഷെ രക്ഷയില്ല ..പിന്നെ തോന്നി ഇത് ചിലപ്പോള്‍ കത്തി പ്രയോഗത്തില്‍ തീര്‍നേക്കുമെന്നു...ഇന്ന് പോകുന്ന വഴിക്ക് മത്തായിയുടെ കടയില്‍ കേറി ഈ കത്തി വാങ്ങി ബാഗിലിട്ടു ...ബസിലെ തിരക്ക് പറയണ്ടല്ലോ ...ഇന്നും പയ്യന്‍ പതിവ്‌ പോലെ അടുത്ത് വന്നു നിന്നു.നമ്മുടെ ഒമാനക്കുട്ടനില്ലേ ..അവന്റെ പ്രായേ വരൂ ..ഒരു പതിനെട്ടു വയസ്..ചെക്കന്റെ വിറയല്‍ കണ്ടാല്‍ പാവം തോന്നും പക്ഷെ കൈലിരിപ്പോ....? ഞാന്‍ ചെക്കന്റെ ചെവിയില്‍ മെല്ലെ പറഞ്ഞു ..അനിയാ ...ആ ജാക്കിയോന്നു മാറ്റി പിടിച്ചു .മരിയാദിക്ക്  ഒതുങ്ങി നില്ല് ...എന്ന്..ഇത് കേട്ട ചെറുക്കന്‍ ഒന്ന് കൂടെ എന്നോട് ചേര്‍ന്നൊരു നില്പ് ..എനിക്ക് വന്ന കലി....ഉടനെ എടുത്തു കത്തി ...പിന്നെ ചെക്കന്റെ കഴുത്തിന്‌ നേരെ നീട്ടി പിടിച്ചു ഒരൊറ്റ ഞെക്ക് ! ചങ്കില്‍ കൊണ്ടു കൊണ്ടില്ല എന്നമട്ടില്‍ കത്തി .ചെക്കന്‍ വിരണ്ടു നില വിളിച്ചു പോയി ! ആ നിമിഷം ..ബസ്സിലെ സകലമാന യാത്രക്കാരുടെയും ശ്രദ്ധ നമ്മളിലേക്കായി ,ഉടനെ ഡ്രൈവര്‍ ബസ്സും നിര്‍ത്തി .അന്നേരം ഞാന്‍ കത്തി അല്‍പ്പം പിന്‍വലിച്ചു ,ഫുട്ബോര്‍ഡില്‍ നിന്ന ആള്‍ക്കാരെ ഉന്തിത്തള്ളിയിട്ടിട്ട് ചെക്കനൊരറ്റ ചാട്ടം പുറത്തേക്ക്...പിന്നെ ഓടി തള്ളിക്കളഞ്ഞു ..അപ്പോഴേക്കും ബസ്സില്‍ കൂട്ട ചിരിയായി ...ഞാനും ചിരിച്ചു പോയി ! പിന്നെ ചറ പറാന്ന് വന്നുകൊണ്ടിരുന്നു അഭിനന്ദനങ്ങള്‍ ....നന്നായി ...ഇങ്ങനെ തന്നെ വേണം ....എന്നാലെ ഇവന്മാര്‍ പഠിക്കത്തുള്ളു...എന്നൊക്കെ പറഞ്ഞ് ആണുങ്ങളും പെണ്ണുങ്ങളും ...പിന്നെന്ത് പറയാന്‍ ...ബസ്സ്‌ തമ്പാനൂര്‍ എത്തും വരെ ..ആ ബസ്സില്‍ വേറൊരുത്തനും വാല് പോക്കിയിട്ടുണ്ടാവുമെന്ന് തോന്നുന്നില്ല .....”  ആ രംഗം ഓര്‍ത്തിട്ടെന്ന വണ്ണം അവള്‍ പിന്നെയും ചിരിക്കുകയാണ് .
   രണ്ടു വര്‍ഷത്തെ പ്രണയകാലം മൂന്ന് വര്‍ഷത്തെ ദാമ്പത്യം  ഈ അഞ്ചു വര്‍ഷത്തെ നേരിട്ടുള്ള അനുഭവങ്ങളിലൂടെയും പിന്നെ കേട്ട് കേട്ടുകേള്‍വിയുള്ള അവളുടെ പൂര്‍വ്വ കാലങ്ങളെയും അറിയാവുന്ന അയാള്‍ക്ക്‌ വലിയ അതിശയമൊന്നും തോന്നിയില്ല ,ആ ചെക്കനെ കിത്തിയില്ലലോ എന്ന് ആശ്ചര്യപെടുകയും ചെയ്തു ..പിന്നെ പാരമ്പര്യ സ്വത്തായ ദേഷ്യവും മറവിയും എപ്പോഴും കൌതുകമാണ്.
“ ഓ...ഇത്രേ ഉള്ളോ കാര്യം...ഒരു ചെക്കനെ ഒതുക്കാന്‍ നിനക്കൊരു കത്തി !
അല്ലാ..തെക്കാര് ..വടക്കാര് ..എന്നിങ്ങനെയുള്ള  നിന്റെയൊക്കെ നടത്ത കണ്ടാല്‍ ഏതവനാ കൂടെ വന്നു നില്‍ക്കാന്‍ തോന്നാത്തത് ....”
  വര്‍ഗ്ഗ സ്നേഹം കൊണ്ടുള്ള അയാളുടെ പ്രയോഗം ലക്ഷ്യത്തിലേക്ക് അടുത്തു,അവളെ ശുണ്ഠി പിടിപ്പിക്കാന്‍ കിട്ടിയ അവസരം !പ്രഭാതം സായഹ്നമായി ...സഹജമായ ശാരീരിക അംഗചലനങ്ങള്‍ കല്‍പ്പിച്ചു കൂട്ടിയുള്ളതാണെന്ന ആരോപണം എങ്ങനെ സഹിക്കും ... എങ്ങനെ ക്ഷോഭ ജനകമാകാതിരിക്കും ..സായാഹ്നം നട്ടപ്പാതിര ആവുന്നതിനിടയില്‍ അവള്‍ എന്തോ കണ്ണ് കൊണ്ടു പരതി .കാര്യം ഗ്രഹിച്ച അയാള്‍ കൈലിരുന്ന ആ ബട്ടണ്‍ കത്തി അവള്‍ക്കു വച്ച് നീട്ടി .അവള്‍ അത് വാങ്ങി നിലത്തേക്ക് ഒരൊറ്റ ഏറു !! ദേഷ്യം വന്നാല്‍ ഇങ്ങനയ,എരിഞ്ഞുടക്കാന്‍ അവള്‍ക്കെന്തെങ്കിലും വേണം ! അവളുടെ ദേഷ്യം തന്‍റെ സമീപത്താണ് പ്രാസാദിക്കുന്നതെങ്കില്‍ അയാള്‍ക്ക് ഒരു കൈയ്യാളുടെ വേഷമുണ്ടാവും .അവളുടെ ദേശ്യസാഫല്യത്തിന് പാത്രമായ കത്തി ,ഒരു കെട് പാടും കൂടാതെ ചുമരിനോട് ചേര്‍ന്ന് കിടക്കുന്നത് കണ്ടപ്പോള്‍ അവളത് അഡ്ജസ്റ്റ്‌ ചെയ്താണ് എരിഞ്ഞതെന്നു അയാള്‍ക്ക്‌ മനസിലായി ! അതങ്ങനെയാണ് .എറിയുക എന്നുള്ളത് അത്യന്താപേക്ഷിതമെങ്കിലും അതിനു പാത്രീ ഭവിക്കുന്ന വസ്തു ചീത്തയാകണോ വേണ്ടയോ എന്ന് എറിയുന്നതിന് തൊട്ടു മുന്‍പുള്ള സെക്കന്‍ഡില്‍ ,എറിയുന്ന വസ്തുവിന്‍റെ മൂല്യാടിസ്ഥാനത്തില്‍ അവള്‍ തീരുമാനിക്കും ..അത് വിവാഹത്തിനു ശേഷമുള്ള പതിവാണത്രേ!
   ഇന്നേരമത്രയും തന്‍റെ ചിരി പുറത്തേക്ക് വരാതിരിക്കാന്‍ മുഖ പേശികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം അവ അപ്പടി പാലിച്ചിട്ടുണ്ടെന്നു അയാള്‍ ഉറപ്പു വരുത്തി . ഇനി നട്ടപ്പാതിരയെ പ്രഭാതത്തിലേക്ക് ആനയിക്കെണ്ടതും തന്‍റെ ബാധ്യതയാണെന്ന് അയാള്‍ക്ക്‌ അറിയാം .ഒരു സാന്ത്വന വാക്ക് ...അല്ലെങ്കില്‍ ഒരു അധര സര്‍ക്കസ്‌ ...ഇ്ത്രയേ വേണ്ടു ധൈര്യശാലിയായ അവളുടെ ദേഷ്യത്തെ അലിയിച്ചെടുക്കാന്‍ .രണ്ടും ചേരുംപടി ചേര്‍ത്തു നല്‍കാമെങ്കില്‍ ..ചൂട് വെള്ളത്തില്‍ വീണ ഹിമ കഷ്ണം പോലെ ...അങ്ങനെ ...അങ്ങനെ ...
“ ഞാന്‍ വെറുതെ പറഞ്ഞതല്ലേ ക്ഷമിച്ചേക്ക് ....”പിന്നെ നിലത്ത് കിടന്ന ആ കത്തി എടുത്തുകൊണ്ടു വന്ന് അവളുടെ കൈയില്‍ കൊടുത്തിട്ട് അയാള്‍ അയ്യാള്‍ കൂട്ടി ചേര്‍ത്തു .” നിന്‍റെ രക്ഷയ്ക്ക് നാവിന്‍റെ ഇരുതല തന്നെ ധാരാളം ..പിന്നെ സാമൂഹ്യ സേവനത്തിന്...വേണമെങ്കില്‍ ഇത് ബാഗിലിട്ടോ...” പിന്നെ ആ കിടക്കയില്‍  തന്നെ അപ്പോഴും കുത്തിയിരിക്കികയായിരുന്ന ഉറക്കത്തിനു നാണം വന്നു ....

**************************************************************
രചന :1999...

2 comments: