Friday, December 16, 2011

ആണികള്‍..

തലയില്‍ കിട്ടുന്ന ഓരോ കൊട്ടും
പുതിയ ആഴങ്ങള്‍ തേടാനുള്ള
ഭാരമാണ് ഏല്പിച്ചു കൊണ്ടിരിക്കുന്നത് ...
വളഞ്ഞ് പോകരുത് /ഒടിയുകയുമരുത്
വലിച്ചെറിയപ്പെടും ..
നാം വെറും ആണികള്‍..!

സിമെന്റ്റ്‌ ചുമരുകളില്‍/
മരത്തടികളില്‍....
ചിത്രങ്ങള്‍ക്ക് തൂങ്ങിയാടന്‍/
കാലത്തിന് കിടന്നു ഉറങ്ങാന്‍ ...
ഒന്നിനോടൊന്ന് ചേര്‍ത്തു വയ്ക്കാന്‍/
വീണു പോകാതെ കാത്തുവയ്ക്കാന്‍ ..

അഗ്നിക്കുളം നീന്തികേറിയ
ഊന്നുന്നിടം ആഴ്ന്നു പോകാനും
ചുറ്റിക ചുണ്ടിന് ഉമ്മ വയ്ക്കാനും
പാകപെടുത്തിയ നീണ്ടൊരു ഉടലില്‍
തലയും കാലും മാത്രമുള്ള
വെറും ആണികള്‍ നാം
...!

Wednesday, December 7, 2011

പ്രണയഘടികാരം...

പ്രണയഘടികാരത്തില്‍
യുഗങ്ങള്‍ വര്‍ഷങ്ങളായും
വര്‍ഷങ്ങള്‍ മണിക്കൂറുകളായും
മണിക്കൂറുകള്‍ നിമിഷങ്ങളായും
പരിണമിച്ചെങ്കിലെന്നു മനം കൊള്ളവേ
പച്ചമരം കത്തുന്ന കാട്ടുതീപോലെ
പടരുന്നു പ്രണയമെന്നുള്ളില്‍....

നിന്നിലേയ്ക്കൊഴുകുമെന്‍
പ്രണയ വരികളില്‍
മുങ്ങിക്കുളിച്ചു തിമിര്‍ക്കുവാന്‍
കുതിച്ചു ചാടുന്നക്ഷരങ്ങളെത്രയോ,
യെങ്ങുനിന്നെല്ലാമോ !
നഗ്നമാം നിലാവിന്‍റെ
നിറമാറില്‍ വൃക്ഷത്തലപ്പുകള്‍
ചാഞ്ചാടി നില്‍ക്കവേ...

മൗനം വാക്കുകള്‍
കുടഞ്ഞെറിഞ്ഞപ്പോള്‍
കേള്‍ക്കാന്‍ക്കൊതിച്ചതൊക്കെയും
നിന്‍ സ്വനംമാത്രം
അകലെത്തെതോ
പൂങ്കാവനത്തില്‍നിന്നെതോ
കാറ്റിലേറിവന്ന സുഗന്ധവും
നിന്‍ നിശ്വാസത്തില്‍ മാഞ്ഞു പോയ്‌

Sunday, December 4, 2011

അപേക്ഷ ..

ഭാരത സര്‍ക്കാരിനോട് ...

എനിക്കിനിയുമൊരു
പാസ്പോര്‍ട്ട് വേണം
മുഖമിതുതന്നെ
വയസ്സിതുതന്നെ
മേല്‍വിലാസവുമിതുതന്നെ
പ്രഥമല്ലായിരുന്നു,അല്ല,
യെങ്കിലുമൊരു പൌരന്‍
ഭാരതീയന്‍...
ലിങ്കന്റെ നാട്ടിലെയ്ക്കൊന്നു പോണം
കിങ്ങിന്റെയാ നാടോന്നു ചുറ്റിക്കാണണം
എന്‍റെ കൗപീനത്തിനും കാലുറയ്ക്കും
സൗന്ദര്യമില്ല ,പ്രദര്‍ശനം പറ്റില്ല
ഭയജ്വരം ബാധിച്ചവരുടെ ഇടയിലേയ്ക്ക്
പോകാന്‍ , ഒരു അപേക്ഷ മാത്രം
എനിക്ക് അമുസ്ലീമിന്റെ
നാമം മാത്രം ചാര്‍ത്തി തരണം.

Monday, November 28, 2011

ദിശാ സൂചികള്‍ തുരുമ്പെടുക്കുമ്പോള്‍ ..



തുരുമ്പൊരു...
മാറ്റമാണ് മറ്റൊന്നിലേയ്ക്കുള്ളതിന്റെ,
പ്രതീക്ഷയാണ് പുതിയതിന്റെ,
ശീര്‍ഷകമാണ് നാശത്തിന്‍റെ,
പ്രതീകമാണ്‌ വിപ്ലവത്തിന്‍റെ,
അനിവാര്യതയാണ് കാലത്തിന്‍റെ,
ഓര്‍മ്മപ്പെടുത്തലാണ് ചരിത്രത്തിന്‍റെ.

ദിശാസൂചികള്‍ തുരുമ്പെടുത്തൊടിഞ്ഞ് തൂങ്ങുന്നു ,
കാലമേറെയായില്ലയെങ്കിലും...
ലക്ഷ്യമതിന്നുമൊന്നുതന്നെ
നീതി ,നേര്‍വാഴ്ച
ശാന്തി സമാധാനം
സമത്വം നിര്‍ഭയത്വം.

നേരുകള്‍ പിടയുന്നകാഴ്ചകള്‍ കാണുവാന്‍
നീട്ടിയകണ്ണടയില്‍കുറിയും വരയുമിരുട്ടും
സത്യത്തിന്‍ നൂലിനാല്‍കെട്ടിയ ഊഞ്ഞാലില്‍
കളവുകള്‍ ആടിതിമിര്‍ക്കുന്നകാഴ്ചകള്‍ കണ്ട്
അരാഷ്ട്രീയം വേരുകളാഴ്ത്തിയ വിശപ്പുമായ്‌
ദിഗ് ഭ്രമം പെട്ട് നില്‍ക്കുന്നു നാം പഥികര്‍

ഞ്ചാണ്ടിലൊരുനാളിലൊരു
നേരമ്പോക്ക് പോല്‍
വിരല്‍ത്തുമ്പില്‍പ്പുരട്ടുവാന്‍
മഷിതേടിയെത്തുമെങ്കിലും
ശീലങ്ങളില്‍ മറവിക്കഗ്രസ്ഥാനം കൊടുത്ത്
ദിഗ് ഭ്രമം പെട്ട് നില്‍ക്കുന്നു നാം പഥികര്‍

പുതുവഴിതേടുവാന്‍ കൈക്കോട്ടെടുക്കുവാന്‍
നേരിന്‍ പുസ്തകത്താളില്‍നിന്നക്ഷരങ്ങളുണരട്ടെ...

Friday, October 28, 2011

മൂക്ക് കയര്‍

ഗ്രാമം
കാളകളെക്കാള്‍ വില
മൂക്ക്കയറിനാകയാല്‍ ചന്തയില്‍
അര്‍മ്മാദിച്ച് നടക്കുന്ന
കാളകളുടെ താന്തോനിത്തം !

ട്ടണം
സംവിധായകന്‍ ആരെന്നു
അറിയാത്ത നാടകം
കഥാമുഹൂര്‍ത്തങ്ങളും സംഭാഷണങ്ങളും
അറിയാത്ത കഥാപാത്രങ്ങള്‍
വേദിയെവിടെയെന്നും  പ്രേക്ഷകര്‍ ആരെന്നും
അറിയാത്ത സംഘാടകര്‍ !

ഗരം
മുല്ലപ്പു പരിമളം ഇറച്ചിപ്പുരയില്‍
പരിലസ്സിച്ചപ്പോള്‍
ആത്മഹത്യ ചെയ്തു
വിചാരണകളും തൂക്കുകയറും !

****************

ചില താഴുകള്‍ തുറക്കാനുള്ള
താക്കോലുകള്‍
കാലത്തിന്റ്റ്‌ കയ്യില്‍ മാത്രം
ഭദ്രമായിരിക്കുന്നു
ഛെ !
ഞാന്‍ ജീവിച്ചിരിക്കുന്നു പോലും
നിഘണ്ടുവില്‍ നിന്നും ലജ്ജയെ
പറിച്ച് കളയാം വേരോടെ !!

Sunday, October 16, 2011

പഞ്ച നേട്ടങ്ങള്‍ ...

നേടിയതിനെക്കാളേറെ
നേടാത്തതായി
ശേഷിക്കുന്നതെന്തോ
അത് ജ്ഞാനം .....

നേടിയതോളം
പിന്നേം നേടാന്‍
മോഹിച്ചുകൊണ്ടേയിരിപ്പതെന്തോ
അത് പ്രണയം ..

നേടിയ ഞൊടിയില്‍
മതിയെന്നുമൊരൊട്ടുനേരശേഷം
നേടാന്‍ തുനിയുന്നതുമെന്തോ
അത്  കാമം ...

നേടിന്നേടിയിട്ടെത്രകരുതിവയ്ക്കിലും
ചിലപ്പോളൊരുരാവിരുട്ടിവെളുക്കുകില്‍
ഒന്നുമല്ലാതായിത്തീരുവതെന്തോ
അത്  ധനം ...

നേടുവാനൊട്ടുമേ
ഇഷ്ട്ടമല്ലെങ്കിലും
നേടിയെതീരുവതെന്തോ
അത്  മരണം..

Wednesday, October 12, 2011

കട്ടില്‍ ....

നാലുകാലുള്ളോരു  കട്ടില്‍
ഞാന്‍ ,മനുഷ്യരുറങ്ങുന്ന കട്ടില്‍

തൊട്ടിലോരത്താക്കും കട്ടില്‍
ബാല്യ കൌമാരങ്ങളുറങ്ങുന്ന കട്ടില്‍

ഒറ്റയ്ക്കുറങ്ങുന്ന കട്ടില്‍
അവരൊരുമിച്ചുറങ്ങുന്ന കട്ടില്‍

ആദ്യമായധികാരമാളുന്ന കട്ടില്‍
മഞ്ചാടിമണികള്‍ പുരളുന്ന കട്ടില്‍

ആനന്ദം പകര്‍ന്നാടുന്ന കട്ടില്‍
 കണ്ണീരൊഴുകുന്ന കട്ടില്‍

രാജാവുറങ്ങുന്ന കട്ടില്‍
കീഴാളുറങ്ങുന്ന കട്ടില്‍

വേശ്യാലയത്തിലെ കട്ടില്‍
കാമം മരിക്കുന്ന കട്ടില്‍

വൃദ്ധസദനത്തിലെ കട്ടില്‍
ആതുരാലയത്തിലെ കട്ടില്‍

നിദ്രയിലെല്ലാരുമൊന്നാകും കട്ടില്‍
അറിയാതെയന്ത്യമായിട്ടുറങ്ങുന്ന കട്ടില്‍
.......................................
.......................
(കാണാത്തതായിനിയെന്തുണ്ട്
കേള്‍ക്കാതതായിനിയെന്തുണ്ട്
പറയാത്തതായിനിയെന്തുണ്ട്
ഓര്‍ക്കാത്തതായുമിനിയെന്തുണ്ട്)


ഒരു കട്ടില് തന്ന പണിയേ.........:))

Sunday, October 9, 2011

അഹിംസാലുവായ ചിലന്തി.

അഹിംസാലുവായ
ചിലന്തി
സ്വയം
ഹിംസകനായ്‌.......

വല കെട്ടാതെ,
ദ്രവം നിറഞ്ഞു പൊട്ടി
ചിലന്തി
മരിച്ചു പോയ്‌

അതില്‍ ഇരകളാവേണ്ട
പ്രാണികള്‍
മരണം കാത്തു കിടന്ന്

വിഷമിച്ച്
മറ്റേതോ
വല തേടിയലഞ്ഞു ...


Saturday, October 8, 2011

മൊട്ട്

വിരിഞ്ഞ
പൂവിന്‍റെ
വീഴുന്ന
ദളങ്ങളെ
നോക്കി
പൂമൊട്ട് കരഞ്ഞു...

വേണ്ട തനിക്കുമീ
ദുരവസ്ഥ,
വിരിയാതിക്കാന്‍
എന്തുണ്ട് വഴി...?

പക്ഷെ
മറ്റൊരു
മൊട്ട്
അതിന്‍ തണ്ടിലുണ്ടല്ലോ
അതിന്‍റെ
മിഴിനീര്‍
ഒഴുകുവതെങ്ങോട്ടു....?

Tuesday, June 7, 2011

നാനോ .....തോന്നലുകള്‍ !

ഇനിയുമേറെ ഉള്ളറകളുന്ടെന്നു
പറയാനാവാത്ത വേദനകളെ
പകര്‍ത്തി വയ്ക്കാന്‍ വാങ്ങിയ സംഭരണി ...

എന്നെയും വലുതാക്കിടും
ചില മനസുകള്‍ ഇടപഴകാന്‍
ഇനിയുമെത്തിടുമെന്നൊരു കുഞ്ഞമീബ ....

സ്വാര്‍ഥത വെടിയുകില്‍
പിന്നെന്ത് നാരി,
ഞാനെന്നൊരു കൂട്ട് കാരി.....

എഴുതിക്കഴിഞ്ഞ വരികളിലെ
വാക്കുകളാണ് എന്‍റെ
ശവപെട്ടിയെന്നു അക്ഷരങ്ങള്‍..

Friday, April 29, 2011

ബാഗിലെ ബട്ടണ്‍ കത്തി !

“പണി തുടങ്ങട്ടെ സാറെ ?”.. പത്തു പതിനഞ്ചു മിനിട്ടായി കിടക്കയില്‍ മറിഞ്ഞും തിരിഞ്ഞും കിടക്കുന്ന അയാളോട് ഉറക്കം ചോദിച്ചു .അന്നേരം കുളി മുറിയില്‍ നിന്നും വന്ന നിശബ്ദത, കിടക്കറയിലേക്ക് പ്രവേശിച്ചു.ഷവറില്‍ നിന്നും അടര്‍ന്നു പതിച്ചു കൊണ്ടിരുന്ന ജല കണങ്ങളുടെ ആരവം തീര്‍ന്നിരിക്കുന്നു ,ഒരു മഴ തോര്‍ന്ന പ്രതീതി. ഉറക്കത്തിനൊരു ഉത്തരം നല്‍കാതെ എന്തോ ഓര്‍ത്തിട്ടെന്ന വണ്ണം ,അയാള്‍ കിടക്ക വിട്ടെണീറ്റു,നേരെ ചെന്ന് ചുമരലമാര തുറന്നു.അത് കണ്ടപ്പോള്‍ ഉറക്കത്തിന്റെ ക്ഷമകെട്ടു.ഇയാള  ഇതെന്തിന്റെ പുറപ്പാട...?കിടക്കയില്‍  കുത്തിയിരുന്ന് ഉറക്കം ആത്മഗതം ചെയ്തു .
    രാവിലെ ഓഫീസില്‍ പോകാനൊരുങ്ങുമ്പോള്‍ ഒരു പുസ്തകം വാങ്ങാന്‍ അയാള്‍ ഭാര്യയോട് പറഞ്ഞ് ഏല്‍പ്പിച്ചിരുന്നു ,അവളതു വാങ്ങി കൊണ്ട് വന്നോ എന്നറിയാനാണ് അയാള്‍ അലമാര തുറന്നു നോക്കിയത്. ,അവിടെ പുസ്തകം ഇല്ലന്ന് കണ്ടപ്പോള്‍ അവള്‍ ഓഫീസില്‍ കൊണ്ട് പോകാറുള്ള  അവളുടെ ബാഗ്‌ തുറന്നു നോക്കി !പക്ഷെ ബാഗിലും പുസ്തകം ഇല്ലായിരുന്നു ,പകരം അയാള്‍ അതില്‍ കണ്ടത് ഒരു കത്തിയായിരുന്നു .അത് അയാള്‍ പുറത്തേക്കു എടുത്തു അദ്ഭുതസ്തബ്ദനായിനിന്നു,ഒരു ബട്ടണ്‍ കത്തി !
  അയാള്‍ ബാഗു അലമാരയില്‍ വച്ച് ,കത്തിയുമായി കിടക്കയില്‍ വന്നിരുന്നു .അയാള്‍ ആലോചിച്ചു ,ഇവളെന്തിനപ്പാ ഈ കത്തിയും കൊണ്ട് നടക്കുന്നത് ? കറണ്ടാപീസിലെ ക്യഷ്യര്‍ക്കു എന്തിനാ കത്തി ?അവിടെ കത്തിയുടെ ആവശ്യം ഉള്ളതായിട്ട് അവള്‍ ഇത് വരെ പറഞ്ഞിട്ടില്ല ,പിന്നെ ?കറിക്കരിയാന്‍ ആരെങ്കിലും ബട്ടണ്‍ കത്തി വാങ്ങുമോ ! അല്ലെങ്കില്‍ തന്നെ അത് എന്തിനാണ് കൊണ്ട് നടക്കുന്ന ബാഗിലിടുന്നത്?തലമുടി ടവ്വല്‍ കൊണ്ട് തുടച്ചു കൊണ്ട്,ബാത്ത് റൂം തുറന്നു അവള്‍ പുറത്തേക്കു വന്നു ,ഈ അടുത്ത കാലത്താണ് കിടപ്പ് മുറി ബാത്ത് അറ്റാച്ചഡ് ആക്കിയത് ,അതെ പിന്നെ ഭയങ്കര  സ്വാതന്ത്രിയമാ ...

   എന്തിനാടീ .ഈ കത്തി ...? ചോദ്യം കെട്ടു അവള്‍ ഒന്നമ്പരന്നു ,പിന്നെ അയാള്‍ നീട്ടി പിടിച്ചിരിക്കുന്ന കത്തിയില്‍ നോക്കി അവള്‍ ചിരിച്ചു .ഓ മറന്നു ....പറയാം ഞാനീ നൈറ്റി ഒന്നിട്ടോട്ടെ ... വസ്ത്രങ്ങള്‍ തൂക്കിയിട്ടിരിക്കുന്ന അലമാര തുറന്നു പിടിച്ചു കൊണ്ട് അവള്‍ പിന്നെയും ചിരിക്കുകയായിരുന്നു ..ആ കത്തി നല്‍കിയ കൊച്ചു അസ്വസ്ഥത അയാള്‍ക്ക്‌ നഷ്ടമായി . അവളെന്തോ വികൃതി ഒപ്പിച്ച്ട്ടുണ്ടാവും അതാണ്‌ .ഈ നിര്‍ത്താതെയുള്ള ചിരി .അയാള്‍ വിചാരിച്ചു അയാളും അവളുടെ ചിരിയില്‍ പങ്കു ചേര്‍ന്നു ,ചിരികളുടെ ആരാധകനായ അയാള്‍ക്ക്‌ ലോകത്തിലെ ഏറ്റവും ഇഷ്ടമുള്ള ചിരി  തന്‍റെ ഭാര്യയുടെ ചിരിതന്നെ ..ചിരികളിലെ ചിരിപുണൃം!
“വന്നയുടനെ പറയണം എന്ന് കരുതീരുന്നതാ ...മറന്നു ..” അവള്‍ വസ്ത്രം ധരിച്ച് അയാള്‍ക്കരുകില്‍ വന്നിരുന്നു .ഇത്രയ്ക്കു ചിരി അടക്കാതിരിക്കാന്‍ എന്താണാവോ ഇവള്‍ പറയാന്‍ പോകുന്നത് ...
സ്വരക്ഷാ കം സാമൂഹ്യസേവനം ....! അതിനാ ഈ കത്തി !
ചോദ്യ ഭാവം കൊണ്ട് അയാളുടെ തല അല്‍പ്പമൊന്നു വെട്ടി ചരിഞ്ഞു
.....മൂന്നാല് ദിവസായിട്ട് ഒരുത്തന് എന്‍റെ മണം തലയ്ക്കു പിടിച്ചിരിക്കുകയായിരുന്നു ...ഇന്നവന്റെ...ആപ്പീസ് ഞാന്‍ പൂട്ടികൊടുത്തു .
മുന്‍പ് പല പ്രാവശ്യം ഞാന്‍ കണ്ണ് കൊണ്ട് താകീത് കൊടുത്തു നോക്കി ...പക്ഷെ രക്ഷയില്ല ..പിന്നെ തോന്നി ഇത് ചിലപ്പോള്‍ കത്തി പ്രയോഗത്തില്‍ തീര്‍നേക്കുമെന്നു...ഇന്ന് പോകുന്ന വഴിക്ക് മത്തായിയുടെ കടയില്‍ കേറി ഈ കത്തി വാങ്ങി ബാഗിലിട്ടു ...ബസിലെ തിരക്ക് പറയണ്ടല്ലോ ...ഇന്നും പയ്യന്‍ പതിവ്‌ പോലെ അടുത്ത് വന്നു നിന്നു.നമ്മുടെ ഒമാനക്കുട്ടനില്ലേ ..അവന്റെ പ്രായേ വരൂ ..ഒരു പതിനെട്ടു വയസ്..ചെക്കന്റെ വിറയല്‍ കണ്ടാല്‍ പാവം തോന്നും പക്ഷെ കൈലിരിപ്പോ....? ഞാന്‍ ചെക്കന്റെ ചെവിയില്‍ മെല്ലെ പറഞ്ഞു ..അനിയാ ...ആ ജാക്കിയോന്നു മാറ്റി പിടിച്ചു .മരിയാദിക്ക്  ഒതുങ്ങി നില്ല് ...എന്ന്..ഇത് കേട്ട ചെറുക്കന്‍ ഒന്ന് കൂടെ എന്നോട് ചേര്‍ന്നൊരു നില്പ് ..എനിക്ക് വന്ന കലി....ഉടനെ എടുത്തു കത്തി ...പിന്നെ ചെക്കന്റെ കഴുത്തിന്‌ നേരെ നീട്ടി പിടിച്ചു ഒരൊറ്റ ഞെക്ക് ! ചങ്കില്‍ കൊണ്ടു കൊണ്ടില്ല എന്നമട്ടില്‍ കത്തി .ചെക്കന്‍ വിരണ്ടു നില വിളിച്ചു പോയി ! ആ നിമിഷം ..ബസ്സിലെ സകലമാന യാത്രക്കാരുടെയും ശ്രദ്ധ നമ്മളിലേക്കായി ,ഉടനെ ഡ്രൈവര്‍ ബസ്സും നിര്‍ത്തി .അന്നേരം ഞാന്‍ കത്തി അല്‍പ്പം പിന്‍വലിച്ചു ,ഫുട്ബോര്‍ഡില്‍ നിന്ന ആള്‍ക്കാരെ ഉന്തിത്തള്ളിയിട്ടിട്ട് ചെക്കനൊരറ്റ ചാട്ടം പുറത്തേക്ക്...പിന്നെ ഓടി തള്ളിക്കളഞ്ഞു ..അപ്പോഴേക്കും ബസ്സില്‍ കൂട്ട ചിരിയായി ...ഞാനും ചിരിച്ചു പോയി ! പിന്നെ ചറ പറാന്ന് വന്നുകൊണ്ടിരുന്നു അഭിനന്ദനങ്ങള്‍ ....നന്നായി ...ഇങ്ങനെ തന്നെ വേണം ....എന്നാലെ ഇവന്മാര്‍ പഠിക്കത്തുള്ളു...എന്നൊക്കെ പറഞ്ഞ് ആണുങ്ങളും പെണ്ണുങ്ങളും ...പിന്നെന്ത് പറയാന്‍ ...ബസ്സ്‌ തമ്പാനൂര്‍ എത്തും വരെ ..ആ ബസ്സില്‍ വേറൊരുത്തനും വാല് പോക്കിയിട്ടുണ്ടാവുമെന്ന് തോന്നുന്നില്ല .....”  ആ രംഗം ഓര്‍ത്തിട്ടെന്ന വണ്ണം അവള്‍ പിന്നെയും ചിരിക്കുകയാണ് .
   രണ്ടു വര്‍ഷത്തെ പ്രണയകാലം മൂന്ന് വര്‍ഷത്തെ ദാമ്പത്യം  ഈ അഞ്ചു വര്‍ഷത്തെ നേരിട്ടുള്ള അനുഭവങ്ങളിലൂടെയും പിന്നെ കേട്ട് കേട്ടുകേള്‍വിയുള്ള അവളുടെ പൂര്‍വ്വ കാലങ്ങളെയും അറിയാവുന്ന അയാള്‍ക്ക്‌ വലിയ അതിശയമൊന്നും തോന്നിയില്ല ,ആ ചെക്കനെ കിത്തിയില്ലലോ എന്ന് ആശ്ചര്യപെടുകയും ചെയ്തു ..പിന്നെ പാരമ്പര്യ സ്വത്തായ ദേഷ്യവും മറവിയും എപ്പോഴും കൌതുകമാണ്.
“ ഓ...ഇത്രേ ഉള്ളോ കാര്യം...ഒരു ചെക്കനെ ഒതുക്കാന്‍ നിനക്കൊരു കത്തി !
അല്ലാ..തെക്കാര് ..വടക്കാര് ..എന്നിങ്ങനെയുള്ള  നിന്റെയൊക്കെ നടത്ത കണ്ടാല്‍ ഏതവനാ കൂടെ വന്നു നില്‍ക്കാന്‍ തോന്നാത്തത് ....”
  വര്‍ഗ്ഗ സ്നേഹം കൊണ്ടുള്ള അയാളുടെ പ്രയോഗം ലക്ഷ്യത്തിലേക്ക് അടുത്തു,അവളെ ശുണ്ഠി പിടിപ്പിക്കാന്‍ കിട്ടിയ അവസരം !പ്രഭാതം സായഹ്നമായി ...സഹജമായ ശാരീരിക അംഗചലനങ്ങള്‍ കല്‍പ്പിച്ചു കൂട്ടിയുള്ളതാണെന്ന ആരോപണം എങ്ങനെ സഹിക്കും ... എങ്ങനെ ക്ഷോഭ ജനകമാകാതിരിക്കും ..സായാഹ്നം നട്ടപ്പാതിര ആവുന്നതിനിടയില്‍ അവള്‍ എന്തോ കണ്ണ് കൊണ്ടു പരതി .കാര്യം ഗ്രഹിച്ച അയാള്‍ കൈലിരുന്ന ആ ബട്ടണ്‍ കത്തി അവള്‍ക്കു വച്ച് നീട്ടി .അവള്‍ അത് വാങ്ങി നിലത്തേക്ക് ഒരൊറ്റ ഏറു !! ദേഷ്യം വന്നാല്‍ ഇങ്ങനയ,എരിഞ്ഞുടക്കാന്‍ അവള്‍ക്കെന്തെങ്കിലും വേണം ! അവളുടെ ദേഷ്യം തന്‍റെ സമീപത്താണ് പ്രാസാദിക്കുന്നതെങ്കില്‍ അയാള്‍ക്ക് ഒരു കൈയ്യാളുടെ വേഷമുണ്ടാവും .അവളുടെ ദേശ്യസാഫല്യത്തിന് പാത്രമായ കത്തി ,ഒരു കെട് പാടും കൂടാതെ ചുമരിനോട് ചേര്‍ന്ന് കിടക്കുന്നത് കണ്ടപ്പോള്‍ അവളത് അഡ്ജസ്റ്റ്‌ ചെയ്താണ് എരിഞ്ഞതെന്നു അയാള്‍ക്ക്‌ മനസിലായി ! അതങ്ങനെയാണ് .എറിയുക എന്നുള്ളത് അത്യന്താപേക്ഷിതമെങ്കിലും അതിനു പാത്രീ ഭവിക്കുന്ന വസ്തു ചീത്തയാകണോ വേണ്ടയോ എന്ന് എറിയുന്നതിന് തൊട്ടു മുന്‍പുള്ള സെക്കന്‍ഡില്‍ ,എറിയുന്ന വസ്തുവിന്‍റെ മൂല്യാടിസ്ഥാനത്തില്‍ അവള്‍ തീരുമാനിക്കും ..അത് വിവാഹത്തിനു ശേഷമുള്ള പതിവാണത്രേ!
   ഇന്നേരമത്രയും തന്‍റെ ചിരി പുറത്തേക്ക് വരാതിരിക്കാന്‍ മുഖ പേശികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം അവ അപ്പടി പാലിച്ചിട്ടുണ്ടെന്നു അയാള്‍ ഉറപ്പു വരുത്തി . ഇനി നട്ടപ്പാതിരയെ പ്രഭാതത്തിലേക്ക് ആനയിക്കെണ്ടതും തന്‍റെ ബാധ്യതയാണെന്ന് അയാള്‍ക്ക്‌ അറിയാം .ഒരു സാന്ത്വന വാക്ക് ...അല്ലെങ്കില്‍ ഒരു അധര സര്‍ക്കസ്‌ ...ഇ്ത്രയേ വേണ്ടു ധൈര്യശാലിയായ അവളുടെ ദേഷ്യത്തെ അലിയിച്ചെടുക്കാന്‍ .രണ്ടും ചേരുംപടി ചേര്‍ത്തു നല്‍കാമെങ്കില്‍ ..ചൂട് വെള്ളത്തില്‍ വീണ ഹിമ കഷ്ണം പോലെ ...അങ്ങനെ ...അങ്ങനെ ...
“ ഞാന്‍ വെറുതെ പറഞ്ഞതല്ലേ ക്ഷമിച്ചേക്ക് ....”പിന്നെ നിലത്ത് കിടന്ന ആ കത്തി എടുത്തുകൊണ്ടു വന്ന് അവളുടെ കൈയില്‍ കൊടുത്തിട്ട് അയാള്‍ അയ്യാള്‍ കൂട്ടി ചേര്‍ത്തു .” നിന്‍റെ രക്ഷയ്ക്ക് നാവിന്‍റെ ഇരുതല തന്നെ ധാരാളം ..പിന്നെ സാമൂഹ്യ സേവനത്തിന്...വേണമെങ്കില്‍ ഇത് ബാഗിലിട്ടോ...” പിന്നെ ആ കിടക്കയില്‍  തന്നെ അപ്പോഴും കുത്തിയിരിക്കികയായിരുന്ന ഉറക്കത്തിനു നാണം വന്നു ....

**************************************************************
രചന :1999...

Sunday, April 24, 2011

ഓലപ്പൊളികള്‍ക്കിടയിലൂടെ ....

       സന്ധ്യ ..ചന്നം പിന്നം പെയ്യുന്ന മഴ. ബസ്‌ സ്റ്റോപ്പ്‌ അല്ലാത്ത ,വിജനമായ സ്ഥലത്ത് ബസ്‌ നിര്‍ത്തിച്ച് ,കണ്ടക്ടര്‍ അവളോട്‌ പറഞ്ഞു "ഉം ..ഇറങ്ങ്...ഇറങ്ങ് ....."

ബസില്‍ നിന്നും അവള്‍ ഇറങ്ങി കഴിഞ്ഞപ്പോള്‍ ഇരട്ട ബെല്ല് കൊടുത്ത് കൊണ്ട് മനുഷ്യ സഹജമായ സഹതാപം പോലും ഇല്ലാതെ കണ്ടക്ടര്‍ പിറുപിറുത്തു ...
"ശല്യങ്ങള്..ഓരോന്നും കേരിവരും മനുഷ്യനെ മെനെക്കെടുത്താന്‍....

ടിക്കെറ്റ്‌ എടുക്കാത്ത യാത്രക്കാരെ ബസില്‍ നിന്നും സഞ്ചരിക്കാന്‍ അനുവധിക്കാതിരിക്കുന്നത്‌ കണ്ടക്ടറുടെ തൊഴില്‍ പരമായ അധികാരവും അവകാശവും ..പക്ഷെ  അത് ആരെ എവിടെ എപ്പോള്‍ ഇറക്കി വിടണം എന്നുള്ളത് കണ്ടക്ടര്‍ എന്ന മനുഷ്യനിലെ മനോധര്‍മ്മം !ആസ്ഥാനത്ത് ബസ്‌ നിര്‍ത്തേണ്ടി വന്നതിലെ അമര്‍ഷം ആദ്യ ഗിയര്‍ ഇട്ടപ്പോള്‍ ഉണ്ടായ വല്ലാത്ത ശബ്ദത്തില്‍ വ്യംഗിപ്പിച്ചു കൊണ്ട് ഡ്രൈവര്‍ ബസ്‌ മുന്നോട്ടു എടുത്തു ...

വളരെ വളരെ ദൂരെയായി ബസിന്‍റെ പിന്നിലുള്ള ചുവന്ന ലൈറ്റും കണ്ണില്‍ നിന്നും മറയുവോളം ആ ബാസ്സിനോടെന്നപോലെ അവള്‍  ചിരിച്ചു ,കൈവീശി  കാണിച്ചു കൊണ്ടേ നിന്നു.ദേഹത്ത് പതിക്കുന്ന മഴ തുള്ളികള്‍ ,അവളുടെ ഊഷ്മാവ് പകര്‍ന്നെടുത്തു ,അവള്‍ ധരിച്ചിരുന്ന പല നിറ പൂക്കളുള്ള വെളുത്ത സാരിയിലൂടെയും നഗ്നമായ പാദങ്ങളിലൂടെയും ടാറിലേക്ക് ഒഴുകികൊണ്ടിരുന്നു ..
മഴവെള്ളം നനഞ്ഞു സുതാര്യമായ വലത് തോളിന്റെ പിന്‍ഭാഗത്ത് ,അവള്‍ ധരിച്ചിരുന്ന ബ്രായുടെ വള്ളി ,വെളിച്ചത്തില്‍ ഉയര്‍ത്തി പിടിച്ച കറന്‍സി നോട്ടിലെ വെള്ളി നൂല് പോലെ കാണാം ..
യുദ്ധത്തില്‍ അവശേഷിക്കുന്ന വിധവകളെ പോലെ ,പാതയ്ക്ക് ഇരുവശവും നിശ്ചിത ദൂരം ഇടവിട്ട്‌ ,മുനിഞ്ഞു കത്തുന്ന സ്ട്രീറ്റ്‌ ലൈറ്റുകള്‍ വര്‍ഷധാരയില്‍ പെട്ട് വീര്‍പ്പു മുട്ടുന്നത് പോലെ.....
*                                                    *                                                    *
അടുത്ത പുലര്‍ക്കാലം..കുളങ്ങര ജങ്ഷനില്‍ നിന്നും വടക്ക് മാറി അരകിലോ മീറ്റര്‍ ഉള്ളിലായി കടന്നു പോകുന്ന റയില്‍ പാളത്തിനും അരുകിലെ കാട് പിടിച്ചു കിടക്കുന്ന കുതിര പുല്ലുകല്‍ക്കിടയിലുമായി ,കൂര്‍ത്ത പാറ കഷ്ണങ്ങള്‍ ചിതറി കിടക്കുന്ന നടപ്പാതക്ക് കുറുകെ ,തണുത്തു മരവിച്ചു പൂര്‍ണ്ണ നഗ്നയായി (നഗ്നയാക്കപെട്ടു )ഭയാനകമായ ദൃശ്യങ്ങള്‍ ഇപ്പോഴും കണ്ണില്‍ നിന്നും മായാത്തത് പോലെ ,മേലേക്ക് തുറിച്ചു നോക്കി കൊണ്ട് അവള്‍ കിടന്നു (കിടത്തിയിരിക്കുന്നു )..ദേഹമാസകലം ആഴ്ന്നിറങ്ങിയ നഖത്തിന്റെ പാടുകള്‍ നീലിച്ചു കിടക്കുന്നു. വയറ്റിലും തുടകളിലും മറ്റുമായി രക്തവും ശുക്ലവും കട്ടപിടിച്ചു കിടക്കുന്നു ..കീഴ്ച്ചുണ്ടിലെ ഇടതു ഭാഗവും വലത് മുലക്കണ്ണും അവളുടെ ഘാതകരുടെ വിശപ്പ്‌ അകറ്റിയപ്പോള്‍ തല്‍സ്ഥാനത്ത്  ഈച്ചകളും ഭക്ഷണം കണ്ടെത്തുന്നു ..കല്ച്ചരലുകളില്‍ പടര്‍ന്നു കിടക്കുന്ന തലമുടിയില്‍ ചെളിയും മണ്ണും പുരണ്ടിരിക്കുന്നു ..

ഈ ദൃശ്യം ആദ്യം കണ്ടത് രാവിലെ തന്നെ ഏഴു മണിയോടടുപ്പിച്ചു പണിക്കിറങ്ങിയ റെയില്‍വേ കീമാനാണ് .കണ്ണുകളില്‍ ശൂലമെന്നപോലെ തറച്ചു കേറിയ ഈ കാഴ്ച കണ്ട മാത്രയില്‍ പണിയായുധങ്ങള്‍ നിലത്ത് വീഴുകയും അയാളില്‍ നിന്നും ദിഗന്ധങ്ങള്‍ മുഴങ്ങുമാറ് നിലവിളി ഉയരുകയും ചെയ്തു ..അല്‍പ്പനേരം കൊണ്ട് ആ നിലവിളി കേട്ട ആരൊക്കെയോ അങ്ങോട്ട്‌ ഓടി അടുത്തു ..പിന്നെ മിനിട്ടുകളും മണിക്കൂറുകളും ചെവികളില്‍ നിന്നും ചെവികളിലേക്ക് ആ ദുരന്ത വാര്‍ത്ത പടര്‍ന്നു കൊണ്ടേയിരുന്നു ..എട്ടോന്‍പതു മണിയോടടുത്തപ്പോള്‍ അനിയന്ത്രിതമായ്‌ ജനം പെരുകി കഴിഞ്ഞിരുന്നു . ആ കൂട്ടത്തില്‍ തലേന്ന് ,രാത്രി ഓട്ടം പോകാറുള്ള കറുത്ത ടാക്സി കാറിലിരുന്ന നാലു പേരും ഉണ്ടായിരുന്നു ..

അന്നേരം വരെയും ഒന്ന് കൊണ്ടും മൂടാതിരുന്ന ആ മൃതശരീരത്തിനുമേല്‍ ,ഉടുപ്പ് ധരിക്കാത്ത കര്‍ഷകന്(‍*) എന്ന് തോനിക്കുന്ന ഒരു മധ്യവയസ്കന്‍ തന്‍റെ ഇടുപ്പില്‍ (അരയില്‍)തിരുകീരുന്ന പേന കത്തിയെടുത്തു ,കുറച്ചു അകലെയായി നില്‍ക്കുന്ന ഒരു കൊച്ചു തെങ്ങില്‍ നിന്നും രണ്ടു മൂന്ന് പച്ച തെങ്ങോലകള്‍ വെട്ടി കൊണ്ട് വന്നു പുതപ്പിച്ചു ..എന്നിട്ട് ആരോടെന്നില്ലാതെ അയാള്‍ പിറുപിറുത്തു ..ഇന്നലെ രാത്രീല് റോട്ടില്  ഞാനീ പാവത്തിനെ കണ്ടതാ...എന്റെ എളേ മോള്‍ടെ പ്രായേ വരൂ ..."വിതുമ്പി പോയ ആ മനുഷ്യന്‍ തിരിഞ്ഞു നടക്കുന്നതിനിടയില്‍ ആ നാല് പേരെയും മാറി മാറി സൂക്ഷിച്ചു നോക്കി ..കടന്നു പോയി ...

അറിയിച്ച നേരം കണക്കിലെടുക്കുമ്പോള്‍ പോലിസ്‌ എത്താന്‍ വൈകുന്നു ..ഓലകള്‍ ഇട്ടു മൂടിയതിനു ശേഷം ആള്‍ത്തിരക്ക്‌ കുറഞ്ഞു വന്നെങ്കിലും ..ഓലപോളികക്കിടയിലൂടെയെങ്കിലും ആ ശരീര ഭാഗങ്ങള്‍ കാണാന്‍ ആള്‍ക്കാര്‍ എത്തികൊണ്ട് തന്നെയിരുന്നു ....

**************************************
(*)ഒരു സംസ്കാരത്തിന്റെ പ്രതീകം !

Saturday, April 23, 2011

ഒരു നിര്ജ്ജീവമൃഗം വേട്ടക്കാരനെ കാട്ടില്‍ കൊന്നിട്ടു..



വേട്ടയാടി പിടിക്കാന്‍ ചെന്ന മൃഗം
മുന്നില്‍ ചത്തു വീണപ്പോള്‍
എനിക്ക് സന്തോഷം
തോനിയതേയില്ല...

പച്ചയായ ഇറചിക്കുമപ്പുറം
വേട്ടയാടാനുള്ള എന്‍റെ തൃഷ്ണ
കൊല്ലപെട്ടിരിക്കുന്നു ..
ഞാന്‍ പരാജയപെട്ടിരിക്കുന്നു ...

ആവനാഴിയിലിരുന്നു ആയുധം
എന്നെ നോക്കി പരിഹസിച്ചു...
പിന്നെ  ആവനാഴി എന്നില്‍ നിന്നും
മെല്ലെ ഇറങ്ങി പോയി
അതില്‍ നിന്നും അമ്പുകളും,
നൃത്തം വച്ച് !